junger

വക്കം: കഠിനംകുളം ജലഗതാഗത ടൂറിസത്തിന്റെ ഭാഗമായി കായിക്കരക്കടവിൽ സ്ഥാപിച്ചിരുന്ന ജങ്കാർ സാമൂഹ്യവിരുദ്ധർ തട്ടിയെടുത്തതായി പരാതി. പദ്ധതി നടപ്പാകാത്തതിനാൽ ജങ്കാറും അനുബന്ധ ഉപകരണങ്ങളും കായിക്കര കടവിൽ ഇട്ടിരിക്കുകയായിരുന്നു. മാസങ്ങൾ കഴിഞ്ഞതോടെ ജങ്കാറിന്റെ കയർ ചിലർ പൊട്ടിച്ചു. പിന്നീട് ജങ്കാർ ഒഴുകി ഇറങ്ങുകടവിലേക്ക് എത്തുകയായിരുന്നു. നാട്ടുകാരാണ് ഇത് തടഞ്ഞിട്ട ശേഷം തിരികെ കായിക്കര കടവിൽ എത്തിച്ചത്. എന്നാൽ വീണ്ടും സാമൂഹ്യവിരുദ്ധർ ജങ്കാർ കെട്ടഴിച്ചു വിടുകയായിരുന്നു.

കടവിൽ നിന്ന് ഒരു കിലോമീറ്റർ മുകളിലേക്ക് എത്തിച്ച ശേഷം രൂപമാറ്റം വരുത്തിയ നിലയിലാണ് ജങ്കാറിപ്പോൾ. ടാർപാളിൻ ഷീറ്റ് കൊണ്ട് മേൽക്കൂര തീർത്ത ഇതിന്മേൽ രാത്രികാലങ്ങളിൽ പാട്ടും മേളവുമായി സാമൂഹ്യവിരുദ്ധർ തമ്പടിക്കുന്നതായാണ് നാട്ടുകാർ പറയുന്നത്.