sndp-yogam

തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗത്തിനും നേതൃത്വത്തിനുമെതിരെ അസത്യപ്രചാരണങ്ങളും അനാവശ്യസമരങ്ങളും നടത്തുന്നവർ കനത്ത വില നൽകേണ്ടിവരുമെന്ന് യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി മുന്നറിയിപ്പ് നൽകി. എസ്.എൻ.ഡി.പി യൂണിയനുകളുടെ ഭരണച്ചുമതലയിലിരുന്നുകൊണ്ട് കോടികളുടെ സാമ്പത്തികാപഹരണവും ക്രമക്കേടുകളും നടത്തിയവർക്കായി മുതലക്കണ്ണീരൊഴുക്കുകയും അതിന്റെ പേരിൽ യോഗത്തെയും നേതാക്കളെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്നവർ സമുദായത്തിന്റെ ശത്രുക്കളാണെന്ന് യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് സന്ദീപ് പച്ചയിൽ, സെക്രട്ടറി രാജേഷ് നെടുമങ്ങാട് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

സംഘടനയുമായും സമുദായവുമായും യാതൊരു ബന്ധവും പുലർത്താത്ത ചിലർ ദുഷ്ടലാക്കോടുകൂടി നടത്തുന്ന സമരങ്ങൾക്കെതിരെ യൂത്ത് മൂവ്മെന്റ് ശക്തമായ നിലപാടെടുക്കും. യൂണിയനുകളുടെയും ശാഖകളുടെയും നേതാക്കന്മാർ യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനൊപ്പം നിലകൊള്ളും. രാഷ്ട്രീയ വനവാസത്തിന്റെ പാതയിലുള്ള ചില കപട ആദർശമുഖങ്ങൾ മറ്റു സമുദായങ്ങളുടെ കൈയടി ലക്ഷ്യമിട്ട് സമുദായ നേതൃത്വത്തെ വിമർശിക്കാൻ വീണ്ടും രംഗത്ത് വന്നത് ഗൗരവമായി കാണുന്നു.

യൂണിയൻ ഒാഫീസുകളും സ്ഥാപനങ്ങളും നേതാക്കൻമാരുടെ ഭവനങ്ങളും സമരവേദിയാക്കാൻ ആരെയും അനുവദിക്കില്ല. ഇത് തുടരുന്നപക്ഷം അത്തരം ആളുകളുടെ ഒാഫീസുകളും സ്ഥാപനങ്ങളും ഉപരോധിക്കുന്നതടക്കം പ്രക്ഷോഭത്തിന് യൂത്ത്മൂവ്മെന്റ് നിർബന്ധിതരാവും.