photo
വലിയമല പി.എസ്.എൽ.വി വളപ്പിൽ കൊവിഡ് നിർദേശങ്ങൾ പാലിച്ച് നാട്ടുകാർ സത്യഗ്രഹം ആരംഭിച്ചപ്പോൾ

 ഏറ്റെടുക്കുന്നത് - 68 ഏക്കർ

 അനുവദിക്കേണ്ടത് - 113 കോടി (വസ്തു വില)

 അനുവദിച്ചത് - 1.36 കോടി (പുനരധിവാസം)

നെടുമങ്ങാട്: വലിയമലയിൽ ഐ.എസ്.ആർ.ഒയുടെ എൽ.പി.എസ്.സി വികസനവുമായി ബന്ധപ്പെട്ട് 28 കുടുംബങ്ങളെ കുടിയിറക്കാൻ അണിയറ നീക്കം. വസ്തുവകകൾക്ക് നഷ്ടപരിഹാരം അനുവദിക്കാതെ ഉടമകളുടെ പുനഃരധിവാസം ഉറപ്പാക്കാനാണ് റവന്യൂ അധികൃതരുടെ ശ്രമം. വീടും സ്ഥലവും വിട്ടുനൽകിയവരുടെ പുനഃരധിവാസത്തിനായി 1.36 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാരിന്റെ ഉത്തരവിറങ്ങി. എന്നാൽ, ഏറ്റെടുക്കുന്ന ഭൂമിയുടെ വിലയായി ഐ.എസ്.ആർ.ഒ നൽകാനുള്ള 113 കോടി രൂപ എപ്പോൾ കിട്ടുമെന്നത് സംബന്ധിച്ച അറിവില്ല. കേന്ദ്രസർക്കാരാണ് ഈ തുക വിതരണം ചെയ്യേണ്ടതെന്നും കൊവിഡ് പശ്ചാത്തലത്തിൽ ഫണ്ട്ലഭ്യത സംബന്ധിച്ച് വ്യക്തതയില്ലെന്നുമാണ് ഐ.എസ്.ആർ.ഒ വൃത്തങ്ങൾ പറയുന്നത്. നെടുമങ്ങാട് നഗരസഭ പരിധിയിലെ കരിപ്പൂര്, മല്ലമ്പറക്കോണം,നല്ലിക്കുഴി പ്രദേശവാസികളാണ് കുടിയിറക്ക് ഭീഷണി നേരിടുന്നത്. ആറ് മാസത്തിനകം നഷ്ടപരിഹാരത്തുക ലഭിക്കുമെന്ന ഉറപ്പിൽ ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനം പുറപ്പെടുവിച്ചിട്ട് മൂന്നു വർഷമായി. ഭൂമി കൈമാറ്റത്തിനോ മക്കളുടെ വിവാഹാവശ്യങ്ങൾക്ക് ഉൾപ്പെടെ വായ്പ എടുക്കാനോ കഴിയുന്നില്ല. കാർഷികവിളകൾ ഏറ്റെടുത്തതായി നോട്ടീസ് ലഭിച്ചതിനാൽ സ്വന്തം സ്ഥലത്ത് കൃഷി ചെയ്യാനുമാവുന്നില്ല. വായ്പ എടുത്ത് കൃഷി തുടങ്ങിയവർ ജപ്തി നടപടികളിൽ കുടുങ്ങിയ അവസ്ഥയിലുമാണ്. ജനപ്രതിനിധികൾ ഇടപെട്ട് നഷ്ടപരിഹാരം ഉറപ്പ് ചെയ്തതിനാലാണ് കിടപ്പാടം ഉൾപ്പെടെ വിട്ടുനൽകി പലരും വാടക വീടുകളിൽ അഭയം തേടിയത്. സ്ഥലമെടുക്കൽ വിജ്ഞാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ വീട് മെയിന്റനൻസ് അടക്കം നഗരസഭയുടെ എല്ലാത്തരം ആനുകൂല്യങ്ങളിൽ നിന്നും ഇവരെ അകറ്റി നിറുത്തിയിരിക്കുകയാണ് അധികൃതർ.

അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി

സംസ്ഥന സർക്കാർ അനുവദിച്ച 1.36 കോടി രൂപ വിതരണം ചെയ്ത് കുടിയിറക്കപ്പെടുന്നവരുടെ പുനഃരധിവാസം ഉറപ്പാക്കാനാണ് റവന്യു അധികൃതരുടെ നീക്കം. നഷ്ടപരിഹാരം നൽകാതെ പുനഃരധിവാസം ഉറപ്പാക്കാനുള്ള നടപടിക്കെതിരെ പി.എസ്.എൽ.വി കവാടത്തിൽ നാട്ടുകാരുടെ അനിശ്ചിതകാല സത്യാഗ്രഹം തുടങ്ങി. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ ഉദ്‌ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ, മുൻ ചെയർമാൻ വട്ടപ്പാറ ചന്ദ്രൻ, മുൻ കൗൺസിലർ ജി.എൽ അഖിലേഷ്‌കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

പ്രതികരണങ്ങൾ
-------------------------
''സ്ഥലം വിട്ടു നൽകിയ കുടുംബങ്ങൾ എം.എൽ.എ, മറ്റു ജനപ്രതിനിധികൾ എന്നിവരുമായി നടത്തിയ കൂടിയാലോചനകളുടെ ഫലമായാണ് 1 കോടി മുപ്പത് ലക്ഷം രൂപ പുനഃരധിവാസ പാക്കേജ് അനുവദിച്ചത്. കുടുംബത്തിൽ ഒരാളിന് ഐ.എസ്.ആർ.ഒയിൽ വരുന്ന ഒഴിവുകളിൽ നിയമനം നടത്താനുള്ള ഉത്തരവും റവന്യു കമ്മിഷണർ പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര ഫണ്ട് കൂടി ഉടൻ അനുവദിക്കണം"
- ചെറ്റച്ചൽ സഹദേവൻ (നെടുമങ്ങാട് നഗരസഭ ചെയർമാൻ)

-----------------------------------------------

''വില നൽകി വസ്തു ഏറ്റെടുക്കാത്ത പക്ഷം 4 വർഷത്തെ കാർഷിക നഷ്ടങ്ങൾ കൂടി പരിഹരിക്കേണ്ടതായിവരും. നിരാഹാരം ഉൾപ്പെടെയുള്ള സമരവുമായി മുന്നോട്ട് പോകും""
--അഖിലേഷ് കുമാർ .ജി.എൽ (വസ്‌തുഉടമ)