k

തിരുവനന്തപുരം: ശംഖുംമുഖത്തെ സാഗര കന്യക ശില്പത്തിനടുത്ത് ഹെലികോപ്ടർ കൊണ്ടുവച്ചത് വിഡ്ഢിത്തവും സാംസ്‌കാരിക കേരളത്തിന് നാണക്കേടുണ്ടാക്കുന്നതുമാണെന്ന് ശില്പി കാനായി കുഞ്ഞിരാമൻ പറഞ്ഞു. സാഗര കന്യകാ പാർക്കിന്റെ വിശുദ്ധി കളഞ്ഞ് ഹെലികോപ്ടർ സ്ഥാപിക്കുന്നതിൽ പ്രതിഷേധവും സങ്കടവുമുണ്ടെന്ന് അദ്ദേഹം 'കേരളകൗമുദി'യോടു പറഞ്ഞു. ഒരുവിധം ബുദ്ധിയുള്ളവർ ശില്പത്തിനടുത്ത് ഹെലികോപ്ടർ കൊണ്ടുവയ്ക്കുമോ?​,​ ഹെലികോപ്ടർ വച്ചേ തീരൂ എന്നുണ്ടെങ്കിൽ ശംഖുംമുഖത്തു തന്നെ വേറെ സ്ഥലമുണ്ട്. ഇതിനടുത്തു തന്നെ കൊണ്ടുവയ്ക്കണമെന്ന് എന്താ ഇത്ര നിർബന്ധം?​. ശില്പത്തിനടുത്ത് ചെറിയ കുന്ന് രൂപപ്പെടുത്തിയത് വിമാനത്താവളത്തിൽ നിന്നും വിമാനം ഉയരുന്നത് അവിടെയെത്തുന്നവർക്ക് കാണാനായിരുന്നു. 1992ൽ ശില്പം സമർപ്പിച്ച് കഴിഞ്ഞപ്പോൾ തന്നെ ഇവിടെ വേറൊന്നും ചെയ്യരുതെന്ന് ഞാൻ പറഞ്ഞതാണ്. പച്ചപ്പുള്ള പ്രദേശമായിട്ടു മാത്രമെ സംരക്ഷിക്കാവൂ എന്നും പറഞ്ഞു. പകൽനേരം വരുന്നവ‌ർക്ക് തണലേകാൻ ഞാനാണ് അവിടെ വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചത്. അന്നത്തെ ടൂറിസം ഡയറക്ടർ ടി. ബാലകൃഷ്ണന് ഇക്കാര്യങ്ങളൊക്കെറിയാം. ആ വർഷം തന്നെ ശില്പത്തെപ്പറ്റി ഡിസ്കവറി ചാനൽ പ്രത്യേക പരിപാടി സംപ്രേക്ഷണം ചെയ്‌തിരുന്നു. ഇത്രയും മനോഹരവും വലിപ്പമുള്ളതുമായ സാഗര കന്യകാശില്പം വേറെ രാജ്യത്ത് കണ്ടിട്ടില്ലെന്നാണ് അവിടെയെത്തിയ വിദേശ ടൂറസിറ്റുകൾ പറഞ്ഞത്. അങ്ങനെയുള്ള ശില്പത്തിന്റെ ഭംഗി ചോർത്തിക്കളയുന്നതാണ് ഹെലികോപ്ടർ. നഗരത്തിലുള്ളവർക്ക് ഹെലികോപ്ടർ ഒരു പുതുമയുള്ള വസ്‌തുവല്ല. എന്നോടൊരു വാക്കുപോലും ഇതേപ്പറ്റി ചോദിച്ചിട്ടില്ല. വിവരമറിഞ്ഞ് ധാരാളം പേർ എന്നെ വിളിച്ച് വിഷമം പറയുന്നു. എന്റെ വാക്കുകളുടെ ഗൗരവം മനസിലായെങ്കിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇടപെട്ട് ഹെലികോപ്ടർ അവിടെ നിന്നും മാറ്റാൻ നടപടിയെടുക്കണം- കാനായി പറഞ്ഞു.