വർക്കല: വർക്കല നഗരസഭയിൽ കഴിഞ്ഞമാസം 24ന് എൽ.ഡി.എഫ് ഭരണസമിതി വിളിച്ചുചേർത്ത നഗരസഭ കൗൺസിൽ യോഗത്തിൽ അംഗങ്ങളുടെ വ്യാജ ഒപ്പിട്ട് നൽകിയാണ് അജൻഡ പാസാക്കിയതെന്നും അതിനാൽ യോഗം അസാധുവാക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർക്ക് പരാതി നൽകി. എട്ടുപേർ മാത്രം പങ്കെടുത്ത കൗൺസിൽ യോഗത്തിൽ കോറം തികയാൻ 11പേർ പങ്കെടുത്തെന്നാണ് ഹാജർ രജിസ്റ്ററിൽ രേഖപ്പെടുത്തിയതെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ എസ്. ജയശ്രീയുടെ നേതൃത്വത്തിൽ നൽകിയ പരാതിയിൽ പറയുന്നു. ഭരണകക്ഷിയിലെ പല കൗൺസിലർമാരും അന്നത്തെ യോഗത്തിൽ പങ്കെടുക്കാതെ പിന്മാറിയത് നഗരസഭ അദ്ധ്യക്ഷയ്‌ക്കെതിരെയുള്ള വിയോജിപ്പ് കാരണമാണെന്നും ഇവർ ആരോപിച്ചു. കൗൺസിൽ യോഗത്തിൽ പങ്കെടുത്തതായി രേഖപ്പെടുത്തിയത് വ്യാജമാണെന്ന് കാണിച്ച് കോൺഗ്രസ് കൗൺസിലർ പാറപ്പുറം ഹബീബുള്ളയും സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.