photo

പാലോട്: പത്തു വർഷത്തെ പ്രവാസജീവിതം കഴിഞ്ഞ് നാട്ടിലെത്തിയ ഹക്കിം പിന്നീട് തിരികെ പോയില്ല. ഉമ്മയുടെ ഉപദേശത്തെ തുടർന്നാണ് കുടുംബപരമായി ലഭിച്ച രണ്ടര ഹെക്ടർ സ്ഥലത്ത് കൃഷി തുടങ്ങിയത്. മറ്റ് കൃഷികളിൽ നിന്നും വ്യത്യസ്തമായി എന്ത് ചെയ്യാമെന്ന ആലോചനയിൽ നിന്നാണ് പെരിങ്ങമ്മല തെന്നൂർ കുന്നിൽവീട്ടിൽ ഹക്കിമിന് വിദേശ ഫലങ്ങളുടെ കൃഷി എന്ന ആശയം ഉദിക്കുന്നത്. മലേഷ്യൻ ഫലവൃക്ഷങ്ങളാണ് കൂടുതലും. നമ്മുടെ വിപണിയിൽ കാണാൻ കഴിയാത്ത ദുരിയാൻ എന്ന ഫലവൃക്ഷത്തിന്റെ രണ്ടു തരങ്ങൾ ഹക്കിമിന്റെ തോട്ടത്തിലുണ്ട്. കൂടാതെ മാങ്കോസ്റ്റിൻ, സലാംഗ്, അബിയൂ, ലോഗൺ, ഡ്രാഗൺ ഫ്രൂട്ട്, മിൽക്ക് ഫ്രൂട്ട് എന്നിവ ഹക്കിമിന്റെ പഴത്തോട്ടത്തിന് മാറ്ര് കൂട്ടുന്നു. റംബുട്ടാന്റെ അഞ്ച് ഇനങ്ങളും ഇവിടുണ്ട്. വിയറ്റ്നാമിൽ നിന്നു എത്തിച്ച ജംബോട്ടിക്ക മുന്തിരി, സാന്തോൾ, വിയറ്റ്നാം ഏർലിയുടെ രണ്ടിനങ്ങളും ഹക്കിമിന്റെ കൃഷിയിടത്തിലുണ്ട്. വിവിധ ഇനം മാവുകളും സപ്പോട്ട, ഈന്തപ്പഴം എന്നിവയും അഞ്ചിനം പ്ലാവുകളും വ്യത്യസ്ത കാഴ്ചയൊരുക്കും. അരിയില്ലാത്ത ആസ്ട്രേലിയൽ വംശജനായ കുലപേര, വിവിധ ഇനം വാഴകൾ, ഏലം, മലേഷ്യൻ കുള്ളൻ തെങ്ങ്, വിവിധ ഇനം കമുക് കൂടാതെ കൈതച്ചക്ക, മുട്ടിപ്പഴം, ജാംബ, കുരുമുളക് എന്നിവയും ഇടവിളയായി കൃഷി ചെയ്തിട്ടുണ്ട്. പൂർണമായും ജൈവ വളമാണ് ഉപയോഗിക്കുന്നത്. തിരുവനന്തപുരത്തെ പ്രധാന സൂപ്പർ മാർക്കറ്റുകളിൽ വില്പനയ്ക്കായി എത്തുന്നതിൽ 80 ശതമാനവും ഹക്കിമിന്റെ കൃഷിയിടത്തെ ഫലങ്ങളാണ്. രാവിലെ 6 മുതൽ 9 വരെയും വൈകിട്ട് 3.30 മുതൽ 6 വരെയുമാണ് ഹക്കിമിന്റെ തോട്ടത്തിലെ ഡ്യൂട്ടി. കൃഷിക്ക് സഹായിയായി ഭാര്യ സജിതയും മക്കളായ പ്ളസ് വൺ വിദ്യാർത്ഥിനി നിഹാനയും അഞ്ചാം ക്ലാസുകാരൻ നിഹാനും ഒപ്പംതന്നെയുണ്ട്.

പുതിയ പദ്ധതികൾ
കൃഷിയിടത്തോടു ചേർന്ന് ടാർപോളിൻ ഉപയോഗിച്ച് തയ്യാറാക്കിയ കുളത്തിലാണ് മത്സ്യകൃഷി ആരംഭിച്ചത്. തന്റെ സമീപപുരയിടത്തിൽ ഒരു വർഷം കൊണ്ട് കായ്ക്കുന്ന വിവിധ ഇനം പ്ലാവുകളും മാവും നടാനാണ് പുതിയ തീരുമാനം. ഒപ്പം ഒരു പശു ഫാമും ഉടനെ തുടങ്ങും.

മാവിനങ്ങൾ

 കോട്ടൂർകോണം

 കലപ്പാടി

 മൾഗോവ

 ചക്കര മാവ്

 മല്ലിക

റമ്പൂട്ടാൻ ഇനങ്ങൾ

 സ്കൂൾ ബോയ്

 180

 മൾബാന

 മഞ്ഞ

 കിംഗ്

2 ലക്ഷം രൂപയ്ക്ക് മുകളിലാണ് ഒരു സീസണിലെ വില്പന