വിതുര: വിതുര ഗവൺമെന്റ് വൊക്കേഷണൽ ആന്റ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾക്ക് ഓഫ് ലൈൻ പഠനത്തിനു സംവിധാനമൊരുക്കി വിതുര ഗവ.വൊക്കേഷണൽ ആന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകരും സ്റ്റുഡന്റ് പൊലീസ് കെഡറ്റുകളും, വിതുര ജനമൈത്രി പൊലീസും മാതൃകയായി. വിതുരയിൽ നിന്ന് ഏകദേശം ഇരുപത്തിമൂന്നു കിലോമീറ്റർ ഉള്ളിലുള്ള ബോണക്കാട് ലയത്തിൽ അമ്മയോടൊപ്പം ഒറ്റമുറി വീട്ടിൽ കഴിയുന്ന എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുമായി ഫോണിലൂടെ ബന്ധപ്പെടാൻ അധ്യാപകർ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞിരുന്നില്ല. ഇതോടൊപ്പം, ഈ വർഷം പത്താം ക്ലാസ് പരീക്ഷയെഴുതിയ വിദ്യാർത്ഥിനിക്കും സഹായമെത്തിക്കാൻ തീരുമാനിച്ചിരുന്നു. തുടർന്ന് വിതുര ജനമൈത്രി പൊലീസിന്റെ സഹായം തേടിയ കുട്ടിപ്പോലീസുകാരെയും ഒപ്പം കൂട്ടി വിതുര എസ്.എച്ച്.ഒ.എസ് ശ്രീജിത്തിന്റെ നിർദ്ദേശപ്രകാരം സബ് ഇൻസ്പെക്ടർ എസ്.എൽ. സുധീഷ് , വി.വി. വിനോദ്, അദ്ധ്യാപകനായ കെ. അൻവർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബോണക്കാടെത്തി ഇരുവരുടെയും വീടുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് സ്റ്റുഡന്റ് പൊലീസ് കെഡറ്റുകൾ തയ്യാറാക്കിയ ഓഫ് ലൈൻ പഠന സംവിധാനമുള്ള ടാബ്ലറ്റ് കൈമാറി. ഇതോടൊപ്പം പുതിയ ടെക്സ്റ്റ് ബുക്കുകളും നോട്ട് ബുക്കുകളും മറ്റു പനോപകരണങ്ങളും അദ്ധ്യാപകർ നൽകി. ഇവർക്കു വേണ്ട കൂടുതൽ സഹായം അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഉടൻ എത്തിച്ചു നൽകുമെന്ന് ഹെഡ്മിസ്ട്രസ് ദീപ അറിയിച്ചു.