kodiyeri

തിരുവനന്തപുരം: യു.ഡി.എഫിൽ നിന്ന് പുറത്താക്കപ്പെട്ട കേരള കോൺഗ്രസ് ജോസ് കെ.മാണി വിഭാഗം കൈക്കൊള്ളുന്ന രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിൽ സി.പി.എമ്മിന്റെ സമീപനം വ്യക്തമാക്കാമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ഇക്കാര്യത്തിൽ, പാർട്ടിയിലും ഇടതുമുന്നണിയിലും ചർച്ച ചെയ്തിട്ടേ തീരുമാനമെടുക്കൂ. പ്രതിസന്ധിയിലകപ്പെട്ട യു.ഡി.എഫിനെ രക്ഷിക്കാനുള്ള ഒരുത്തരവാദിത്വവും തങ്ങൾക്കില്ല. അതിനെ മൂർച്ഛിപ്പിക്കാനുതകുന്ന രാഷ്ട്രീയസമീപനം കൈക്കൊള്ളും. ജോസ് കെ.മാണി പക്ഷവുമായി ഒരു ചർച്ചയും നടന്നിട്ടില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെയും, മുസ്ലിംലീഗും ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും ചേരുന്ന യു.ഡി.എഫിനെയും പരാജയപ്പെടുത്താൻ സഹായകരമായ വ്യക്തികളുമായും സംഘടനകളുമായും സഹകരിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനങ്ങൾ വിശദീകരിച്ച വാർത്താസമ്മേളനത്തിൽ കോടിയേരി വ്യക്തമാക്കി.

ജോസ് കെ.മാണി വിഭാഗത്തെ മുന്നണിയിൽ നിന്ന് പുറത്താക്കിയെന്ന് പ്രഖ്യാപിച്ചവരിപ്പോൾ, മാറ്റി നിറുത്തിയതാണെന്ന് പറയുന്നു. ഇത് ഭയപ്പെടുത്തി കീഴ്പ്പെടുത്തുന്ന തന്ത്രമാണ്. യു.ഡി.എഫ് ഉദ്ദേശിച്ചതിൽ നിന്ന് വ്യത്യസ്തമായ സമീപനമാണ് ജോസ് വിഭാഗത്തിൽ നിന്നുണ്ടായത്. ചെന്നിത്തലയും ഘടകകക്ഷികളും ഹെഡ്മാസ്റ്ററും കുട്ടികളും കളിക്കുകയാണ്.യു.ഡി.എഫിന്റെ തകർച്ചയ്ക്ക് വേഗത കൂട്ടുന്നതാണ് ഇപ്പോഴുണ്ടായ രാഷ്ട്രീയമാറ്റം. കേരള കോൺഗ്രസിന്റെ മൂന്ന് വിഭാഗങ്ങൾ എൽ.ഡി.എഫിലുണ്ട്. കെ.എം. മാണിയും 1980ൽ എൽ.ഡി.എഫിലായിരുന്നു.

ഇന്നത്തെ നിലയിൽത്തന്നെ ഇടതുമുന്നണിക്ക് യു.ഡി.എഫിനെ പരാജയപ്പെടുത്താനാവുമെന്നാണ് ഉപതിരഞ്ഞെടുപ്പുകളിൽ കണ്ടത്. അത് ഭയന്നാണ് ജമാഅത്തെ ഇസ്ലാമിയുമായും എസ്.ഡി.പി.ഐയുമായും കൂട്ടുകൂടാൻ മുസ്ലിംലീഗ് തയാറായത്. കോൺഗ്രസ് ദേശീയനേതൃത്വത്തിന്റെ അനുമതിയോടെയുള്ള ഈ നീക്കം ഹിന്ദു വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്ന ആർ.എസ്.എസിനും ബി.ജെ.പിക്കും സഹായകരമാണ്. വയനാട് എം.പിയായ രാഹുൽഗാന്ധിയും എ.കെ. ആന്റണിയും കെ.സി. വേണുഗോപാലുമടങ്ങുന്ന ദേശീയനേതൃത്വം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കണം- കോടിയേരി ആവശ്യപ്പെട്ടു.

1965 ലെ തിരഞ്ഞെടുപ്പ് ഫലം : ഒാർമ്മകൾ ഉണ്ടായിരിക്കണം'

തിരുവനന്തപുരം: അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് ശേഷം 1965ലെ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ ഫലം ഓർമ്മിപ്പിച്ചായിരുന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണങ്ങൾക്ക് ഇന്നലെ വാർത്താസമ്മേളനത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി. സി.പി.എമ്മും സി.പി.ഐയും തമ്മിൽ തർക്കമില്ലെന്നും, കൂടുതൽ തർക്കം നിങ്ങളുണ്ടാക്കേണ്ടെന്നും വാർത്താലേഖകരോട് പറഞ്ഞ ശേഷമാണ് കോടിയേരി സി.പി.ഐക്കെതിരെ മുന വച്ച വാക്കുകൾ തൊടുത്തത്. സി.പി.എമ്മിന് തനിച്ച് ഭരണം കിട്ടുന്ന അവസ്ഥയുണ്ടായാലും മുന്നണിയായേ മത്സരിക്കൂ .ഇടതുപക്ഷത്തെ വിപുലമാക്കാനുള്ള ഒരവസരവും നഷ്ടപ്പെടുത്തില്ല- കോടിയേരി വ്യക്തമാക്കി " ഒരു തിരഞ്ഞെടുപ്പ് ഫലത്തിലൂടെ ഒരു പാർട്ടിയെയും വിലയിരുത്താനാവില്ല. ഒറ്റയ്ക്ക് മത്സരിച്ചാൽ ഓരോ പാർട്ടിയുടെയും അവസ്ഥയെന്താകുമെന്ന് എല്ലാവർക്കുമറിയാം. 1965ലാണ് ഒറ്റയ്ക്ക് മത്സരിച്ചത്. അന്നെത്ര സീറ്റുകളാണ് ഓരോ പാർട്ടിക്കും ലഭിച്ചതെന്ന് നമുക്കറിയാവുന്നതാണ്. അതിന്റെ അടിസ്ഥാനത്തിൽ കണക്കാക്കുമ്പോൾ കാനം രാജേന്ദ്രൻ പറഞ്ഞത് ശരിയാണ്"- കോടിയേരി ഒളിയമ്പെയ്തു. കോൺഗ്രസും മുസ്ലീം ലീഗും കഴിഞ്ഞാൽ യു.ഡി.എഫിൽ ജനപിന്തുണയുള്ള പാർട്ടി കേരള കോൺഗ്രസാണ്. ജോസ് വിഭാഗത്തിനും അവരുടേതായ കേന്ദ്രങ്ങളിൽ ശക്തിയുണ്ടെന്നാണ് റിപ്പോർട്ട്. അത് സി.പി.എമ്മിനെപ്പോലെയാകണമെന്നില്ല. ചിലരെ ചില മണ്ഡലങ്ങളിൽ വിജയിപ്പിക്കാനും തോല്പിക്കാനുമുള്ള ശക്തിയാണത്.സി.പി.ഐ എന്ത് നിലപാടെടുക്കണമെന്ന് സി.പി.എമ്മിന് പറയാനാവില്ല. സി.പി.എം എന്ത് പറയണമെന്നതും മറ്റ് പാർട്ടികളല്ല തീരുമാനിക്കുക. ജോസ് പക്ഷത്തിന് യു.ഡി.എഫിലേക്ക് തിരിച്ചുപോകുന്നതിന് ഞങ്ങൾ തടസ്സമല്ല. എന്നാൽ അവരെ യു.ഡി.എഫിൽ തിരിച്ചെത്തിച്ച് തർക്കം പരിഹരിക്കൽ ഞങ്ങളുടെ ഉത്തരവാദിത്വമല്ല. ആരെങ്കിലും അനുകൂല നിലപാടെടുത്താൽ ഇടതുമുന്നണിക്ക് ബുദ്ധിമുട്ടുണ്ടെന്ന നിലപാടില്ല. ബി.ജെ.പിയുമായി കൂട്ടുകൂടി പി.സി. തോമസിനുണ്ടായ മണ്ടത്തരം ജോസ് കെ.മാണിക്കുണ്ടെന്ന് കരുതുന്നില്ലെന്നും കോടിയേരി പറഞ്ഞു. 65ൽ സംഭവിച്ചത്. കോടിയേരി പൂരിപ്പിക്കാതെ വിട്ട 1965ലെ തിരഞ്ഞെടുപ്പ് ഫലം: 73 ഇടത്ത് മത്സരിച്ച സി.പി.എമ്മിന് 40 സീറ്റ് . 79 ഇടത്ത് മത്സരിച്ച സി.പി.ഐക്ക് 3. 133 ഇടത്ത് മത്സരിച്ച കോൺഗ്രസ് 36ലൊതുങ്ങി. കേരള കോൺഗ്രസ് ഉണ്ടായശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ 54 ഇടത്ത് മത്സരിച്ച് 24ലും വിജയിച്ചു. 16 സീറ്റിൽ നിന്ന മുസ്ലീംലീഗിന് 6 സീറ്റ്. 29 ഇടത്ത് മത്സരിച്ച സംയുക്തസോഷ്യലിസ്റ്റ് പാർട്ടിക്ക് 12.

കേരളാ കോൺഗ്രസിന്റെ ജനപിന്തുണയിൽ

ആർക്കും സംശയമുണ്ടെന്ന് തോന്നുന്നില്ല- മുഖ്യമന്ത്രി

തിരുവനന്തപുരം: ഓരോ പാർട്ടിക്കും അവരുടേതായ ജനപിന്തുണയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കോൺഗ്രസും ലീഗും കഴിഞ്ഞാൽ യു.ഡി.എഫിൽ മൂന്നാമത്തെ ജനപിന്തുണയുള്ള പാർട്ടി കേരളാ കോൺഗ്രസാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞത്. അതിൽ ആർക്കും സംശയമുണ്ടെന്ന് തോന്നുന്നില്ല- മുഖ്യമന്ത്രി പറഞ്ഞു.