*വിധി പുന:പരിശോധിക്കാൻ അടിയന്തര നടപടിയെടുക്കണം
തിരുവനന്തപുരം:രണ്ട് മലയാളി മത്സ്യത്തൊഴിലാളികളെ ഇറ്റാലിയൻ നാവികർ വെടിവച്ചു കൊന്നകേസിൽ അന്താരാഷ്ട്ര കോടതി മുമ്പാകെ യു.ഡി.എഫ് സർക്കാർ രജിസ്റ്റർ ചെയ്ത കൊലക്കുറ്റം ഉൾപ്പെടെയുള്ള കേസിന്റെ നിയമസാധുത സ്ഥാപിച്ചെടുക്കുന്നതിൽ കേന്ദ്രസർക്കാർ കുറ്റകരമായ വീഴ്ച വരുത്തിയെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കുറ്റപ്പെടുത്തി.
കൊലയാളികളായ നാവികരെ എല്ലാ ക്രിമിനൽ നടപടികളിൽ നിന്നും ഒഴിവാക്കി, കേവലം നഷ്ടപരിഹാരത്തിലൊതുങ്ങിയ വിധി പുന:പരിശോധിക്കാൻ കേന്ദ്രസർക്കാർ അടിയന്തര നടപടിയെടുക്കണം..
നാവികർക്കെതിരേ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കേരള പൊലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരെ ഇറ്റാലിയൻ സർക്കാരും പ്രതികളും ചേർന്ന് കേരള ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചെങ്കിലും വൻ തിരിച്ചടിയാണുണ്ടായത്. കേന്ദ്രത്തിൽ യു.പി.എ സർക്കാർ ഒഴിഞ്ഞതിനെത്തുടർന്നാണ് കടൽക്കൊലക്കേസ് അന്താരാഷ്ട്ര കോടതിയിലെത്തിയത്.
പാവപ്പെട്ട രണ്ട് മത്സ്യത്തൊഴിലാളികളുടെ ജീവന് വില കല്പിക്കാത്ത അന്താരാഷ്ട്ര കോടതിവിധിക്കെതിരേ ശക്തമായ നിയമപോരാട്ടത്തിന് സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ സമ്മർദം ചെലുത്തണമെന്നും ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു.