തിരുവനന്തപുരം: തെരുവുനായ കുറുകെ ചാടി സ്കൂട്ടർ മറിഞ്ഞ് മരിച്ച വ്യാപാരിയുടെ കുടുംബത്തിന് ഒറ്റപ്പാലം നഗരസഭ നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവ് ഗൗരവമുള്ളതാണെന്ന് മേയർ കെ.ശ്രീകുമാർ പറഞ്ഞു. സുപ്രീംകോടതി നിയോഗിച്ച സിരിജഗൻ കമ്മിറ്റിയുടേതാണ് ഉത്തരവ്. വിധി മറ്റ് നഗരസഭകൾക്കും ബാധകമായേക്കാമെന്നുള്ളത് ചിന്തിക്കേണ്ട കാര്യമാണ്. തെരുവുനായ്ക്കളുടെ വളർച്ച നിയന്ത്രിക്കാൻ കാര്യക്ഷമമായ ഇടപെടലുകൾ നേരത്തെ തന്നെ നഗരസഭ നടത്തിവരുന്നുണ്ട്. ഇൗ ഉത്തരവ് കണക്കിലെടുത്ത് നിയന്ത്രണം കർശനമാക്കാനും തീരുമാനിച്ചിട്ടുണ്ട്. അനിമൽ ബർത്ത് കൺട്രോൾ പദ്ധതി പ്രകാരം എല്ലാ മാസവും നാനൂറോളം തെരുവ് നായ്ക്കളെ പിടികൂടി വന്ധ്യംകരണവും പേവിഷബാധ പ്രതിരോധത്തിനുള്ള വാക്സിനേഷനും നടത്തുന്നുണ്ട്. കഴിഞ്ഞ വർഷം 4500 തെരുവ് നായ്ക്കളെ നഗരസഭ വന്ധ്യംകരിച്ച് വാക്സിനേഷൻ നടത്തിയിരുന്നു. നഗരസഭയുടെ പേട്ട, തിരുവല്ലം മൃഗാശുപത്രികളിലാണ് വന്ധ്യംകരണം നടത്തുന്നത്. ഇതിനായി വെറ്ററിനറി സർജന്മാരുടെ രണ്ട് പ്രത്യേക ടീമും പ്രവർത്തിക്കുന്നുണ്ട്. നായ്ക്കളുടെ ശല്യം സംബന്ധിച്ച് ഏതെങ്കിലും മേഖലയിൽ പരാതികളുണ്ടെങ്കിൽ അവിടെ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് ഇടപെടുന്നതിനായി നഗരസഭയെ അക്കാര്യം അറിയിക്കണമെന്നും ഇതിനായി റസിഡന്റ്സ് അസോസിയേഷനുകളുടെ സഹകരണം പ്രതീക്ഷിക്കുന്നതായും മേയർ പറഞ്ഞു.