ഉഴമലയ്ക്കൽ: പതിറ്റാണ്ടുകളായി സ്ഥലപരിമിതിയിൽ വീർപ്പുമുട്ടിയിരുന്ന ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് ഒാഫീസ് വിശാലമായ പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കാൻ ഇനി അധികം കാത്തിരിക്കേണ്ട. പഞ്ചായത്തിൽ ആധുനികവത്കരിച്ച ആസ്ഥാന മന്ദിരം യാഥാർത്ഥ്യത്തിലേക്കടുക്കുകയാണ്. പഞ്ചായത്ത് ഒാഫീസിനായി പണികഴിപ്പിക്കുന്ന ഇരുനില കെട്ടിടത്തിന്റെ നിർമ്മാണം ഇപ്പോൾ അന്തിമഘട്ടത്തിലാണ്. പ്രധാന നിർമ്മാണപ്രവർത്തനങ്ങളെല്ലാം പൂർത്തിയായിക്കഴിഞ്ഞു. വിവിധ ആവശ്യങ്ങൾക്കായി ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത് ഓഫീസിലെത്തിയിരുന്ന സാധാരണ ജനങ്ങൾക്കും ജനപ്രതിനിധികൾക്കും ഇടുങ്ങിയ ഒാഫീസ് കെട്ടിടം വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയിരുന്നത്. ഈ സാഹചര്യത്തിലാണ് ഇപ്പോഴത്തെ പഞ്ചായത്ത് ഭരണസമിതി പുതിയ പഞ്ചായത്ത് ആസ്ഥാന മന്ദിരത്തിന് 2018 ഡിസംബർ18 ന് തുടക്കം കുറിച്ചത്. മുൻപ് പബ്ലിക് മാർക്കറ്റ് പ്രവർത്തിച്ചിരുന്ന പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള16 സെന്റ് സ്ഥലത്ത് 1.25 കോടി രൂപ മുടക്കിയാണ് കെട്ടിട നിർമ്മാണം നടത്തുന്നത്. നിലവിലെ പഞ്ചായത്ത് ഒാഫീസിന് സമീപം തന്നെയാണിത്. 7000സ്ക്വയർ ഫീറ്റിൽ ഇരുനിലയായി പണിയുന്ന കെട്ടിടത്തിൽ ആധുനിക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. മൂന്ന്ഘട്ടമായാണ് നിർമ്മാണം നടന്നത്. മുകളിലെ നിലയിൽ വാർഡ് അംഗങ്ങൾക്ക് വിവിധ ആവശ്യങ്ങൾക്ക് ഓഫീസിലെത്തുന്നവരെ കാണാനായി പ്രത്യേക മുറി സജ്ജീകരിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ ചരിത്ര രേഖകളും മറ്റും അറിയാനായി ഫോട്ടോഗാലറി ഉൾപ്പെടെ ഒരു മിനി മ്യൂസിയവും സജ്ജീകരിക്കാനാണ് പഞ്ചായത്ത് ഭരണസമിതിയുടെ ശ്രമം. പഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെടെ വിവിധ ആവശ്യങ്ങൾക്കായെത്തുന്ന പൊതുജനത്തിന് വളരെയേറെ സൗകര്യപ്രദമായ രീതിയിൽ ഉപയോഗപ്രദമാക്കാൻ കഴിയുംവിധത്തിലാണ് കെട്ടിടം പണി നടക്കുന്നത്.
താഴത്തെ നിലയിൽ
സന്ദർശക ഗാലറി
ഫ്രണ്ട് ഓഫീസ്
പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി ക്യാബിനുകൾ
മുലയൂട്ടൽ കേന്ദ്രം
അംഗപരിമിതർക്കായി പ്രത്യേക ക്യാബിൻ
കഫെറ്റീരിയ
മുകളിലെ നിലയിൽ
കോൺഫറൻസ് ഹാൾ
ലൈബ്രറി
വി.ഇ.ഒ, എ.ഇ ഓഫീസ്
ചെലവ് - 1.25 കോടി രൂപ
പണി ആരംഭിച്ചത് 2018ൽ
പ്രതികരണം
ഉഴമലയ്ക്കൽ നിവാസികളുടെ ഏറെക്കാലത്തെ സ്വപ്നമാണ് പുതിയ മന്ദിരത്തിലൂടെ യാഥാർത്ഥ്യമാക്കുന്നത്. ആധുനിക സജ്ജീകരണത്തോടു കൂടിയുള്ള ഓഫീസ് സംവിധാനം ഉടൻ തന്നെ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കാൻ കഴിയും.
എ.റഹിം, പ്രസിഡന്റ്,
ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്ത്