arest

നെടുമ്പാശേരി: നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം ഫ്ളാറ്റ് കേന്ദ്രീകരിച്ച് ചൂതാട്ടം നടത്തിയവരെ ആയുധങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും 1.10 ലക്ഷം രൂപയും ആറ് പവൻ സ്വർണാഭരണങ്ങളും കവർന്ന കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ.

നോർത്ത് പറവൂർ വയലുപാടം വീട്ടീൽ പൊക്കൻ അനൂപ് (33), മൂക്കന്നൂർ മാടശേരി വീട്ടീൽ സെബി (29), മൂക്കന്നൂർ തെക്കെക്കര വീട്ടീൽ മജു (33) എന്നിവരാണ് അറസ്റ്റിലായത്. കേസിൽ മുഖ്യപ്രതി ഉൾപ്പെടെ മൂന്നുപേരെ കഴിഞ്ഞയാഴ്ച അറസ്റ്റുചെയ്തിരുന്നു.

ലോക്ക്ഡൗൺ സമയത്ത് ചീട്ടുകളിയിൽ ഏർപ്പെട്ടിരുന്നവരിൽ നിന്നാണ് സംഘം പണവും സ്വർണവും കവർന്നത്. ഫ്ളാറ്റിലെത്തിയ സംഘം ചീട്ടുകളിക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തിയും ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ച് മർദിച്ചതിനും ശേഷമാണ് പണവും സ്വർണവും കവർന്നത്. നഷ്ടപ്പെട്ട മൂന്നുപവൻ സ്വർണമാല, കവർച്ച ചെയ്തെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ ബുള്ളറ്റ്, കഠാര എന്നിവ പ്രതികളിൽ നിന്ന് പിടിച്ചെടുത്തു.

ജില്ലാ പൊലീസ് മേധാവി കെ. കാർത്തികിന്റെ നേതൃത്വത്തിൽ ആലുവ ഡിവൈ.എസ്.പി ജി. വേണു, നെടുമ്പാശേരി ഇൻസ്‌പെക്ടർ പി.എം. ബൈജു, എസ്.ഐ എം.എസ്. ഫൈസൽ, എ.എസ്. ഐബിജേഷ്, എസ്.സി.പി.ഒ നവീൻദാസ്, സി.പി.ഒ ജിസ്‌മോൻ, അജിത്ത് കുമാർ, റെജീഷ് പോൾ, ജോയി വർഗീസ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.