തിരുവനന്തപുരം: സംസ്ഥാന ജി.എസ് ടി അഡിഷണൽ കമ്മിഷണറായി സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്സ് ആൻഡ് കസ്റ്റംസ് അഡിഷണൽ കമ്മിഷണർ എബ്രഹാം റെന്നിനെ നിയമിച്ചു. മൂന്ന് വർഷത്തേക്ക് ഡെപ്യുട്ടേഷനിലാണ് നിയമനം.
കേന്ദ്രസർവീസിന് തുല്യമായ തസ്തികയില്ലാത്തതിനാൽ എക്സ് കേഡറായി പുതിയ തസ്തിക സൃഷ്ടിക്കുകയായിരുന്നു. ഇതുസംബന്ധിച്ച് ജൂൺ 7ന് കേരള കൗമുദി വാർത്ത നൽകിയിരുന്നു. സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരുടെ ശക്തമായ എതിർപ്പ് മറികടന്നാണ് നിയമനം. നികുതി പിരിവിൽ വൈദഗ്ദ്ധ്യമുള്ള പരിചയ സമ്പന്നനായ ഉദ്യോഗസ്ഥനെന്ന നിലയ്ക്കാണ് നിയമനമെന്ന് ഉത്തരവിലുണ്ട്.
ജി.എസ്. ടി വകുപ്പിലേക്ക് സേവന നികുതി പിരിവിൽ പരിചയ സമ്പന്നനായ ഉദ്യോഗസ്ഥനെ തേടി കഴിഞ്ഞ വർഷം ജൂലായിൽ ഓഫീസ് മെമ്മോറാണ്ടം തയ്യാറാക്കിയിരുന്നെങ്കിലും, ഐ.ആർ.എസ് ഉദ്യോഗസ്ഥൻ വരുന്നതിനെ അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് ഉൾപ്പെടെയുള്ളവർ എതിർത്തു. കഴിഞ്ഞ നവംബർ13ന് റെന്നിന്റെ സേവനം വിട്ടുനൽകി കേന്ദ്രം ഉത്തരവായെങ്കിലും എതിർപ്പ് മൂലം നിയമനം നീണ്ടു. ടോം ജോസ് വിരമിച്ച ശേഷമാണ് നിയമന നീക്കം സജീവമായത്.
2017ൽ ജി.എസ്. ടി നടപ്പാക്കിത്തുടങ്ങിയപ്പോൾ, സംസ്ഥാന ജീവനക്കാർക്ക് സേവന നികുതി പിരിവിലുള്ള പരിചയക്കുറവ് വെല്ലുവിളിയായിരുന്നു. നികുതി വെട്ടിപ്പ് തടയുകയെന്ന ലക്ഷ്യവും റെന്നിന്റെ നിയമനത്തിന് പിന്നിലുണ്ട്. നിലവിൽ, കമ്മിഷണർ ആനന്ദ്സിംഗ്, സ്പെഷ്യൽ കമ്മിഷണർ കാർത്തികേയൻ എന്നീ ഐ.എ.എസുകാരാണ് ജി.എസ്. ടി തലപ്പത്തുള്ളത്.