തിരുവനന്തപുരം: കൊവിഡ് ഭീഷണിയെ തുടർന്ന് ഐ.എസ്.ആർ.ഒയുടെ സംസ്ഥാനത്തെ സുപ്രധാന കേന്ദ്രമായ തുമ്പയിലെ വി.എസ്.സി.സി കാമ്പസിന്റെ പ്രവർത്തനം നിലച്ചു. വി.എസ്.എസ്.സിയിലെ രണ്ടുപേർക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതേ തുടർന്ന് നിരവധി പേരെ ക്വാറന്റൈനിലുമാക്കി. തുമ്പയിലെ വി.എസ്.എസ്.സി കാമ്പസിന് മുന്നിലെ പൗണ്ട്കടവ് പ്രദേശം കണ്ടെയ്മെന്റ് സോണായി പ്രഖ്യാപിച്ചതോടെയാണ് കാമ്പസിന്റെ പ്രവർത്തനം നിലച്ചത്. പൗണ്ട്കടവിലൂടെ വാഹനങ്ങൾ കടത്തിവിടാത്തതിനാൽ വി.എസ്.എസ്.സിയിലേക്ക് ആർക്കും പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസമായി വി.എസ്.എസ്.സിയുടെ പ്രവർത്തനം പൂർണമായി നിലച്ചു. ഉയർന്ന ഉദ്യോഗസ്ഥരും ഡയറക്ടർ ഉൾപ്പെടെയുള്ളവരും വീട്ടിലിരുന്ന് ഒാൺലൈൻ വഴിയാണ് കാര്യങ്ങൾ നിർവഹിക്കുന്നത്. വി.എസ്.എസ്. സിയുടെ പ്രവർത്തനം നിലച്ചത് ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ വികസന പദ്ധതികളുടെ വേഗം കുറയ്ക്കാൻ ഇടയാക്കും. ഉപഗ്രഹവിക്ഷേപണ റോക്കറ്റുകളുടെ നിർമ്മാണം നടത്തുന്നത് ഇവിടെയാണ്.

തിരുവനന്തപുരത്ത് ഐ.എസ്. ആർ.ഒയ്ക്ക് നാല് കേന്ദ്രങ്ങളുണ്ട്. ഇതിൽ നിർമ്മാണ പ്രവർത്തനങ്ങൾ കൂടുതൽ നടക്കുന്ന സുപ്രധാനകേന്ദ്രമായ വി.എസ്.എസ്.സിയിൽ അയ്യായിരത്തിലേറെ ജീവനക്കാരാണുള്ളത്. ഇവിടെ മെക്കാനിക്കൽ വിഭാഗത്തിൽ പ്രവർത്തിക്കുന്നയാൾക്കും ഒരു ട്രെയിനിക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് ബാധയെ തുടർന്ന് വി.എസ്.എസ്.സിയിൽ കർശനമായ സുരക്ഷാസംവിധാനം ഏർപ്പെടുത്തിയതായി അധികൃതർ പറഞ്ഞു. ഇവിടെ നിന്ന് മറ്റ് ഐ.എസ്.ആർ.ഒ കേന്ദ്രങ്ങളിലേക്കുള്ള യാത്രകളും പുറമെ നിന്ന് വി.എസ്. എസ്.സിയിലേക്കുള്ള വരവും നിരോധിച്ചു. ഒാഫീസിൽ പകുതിയോളം ജീവനക്കാർ മാത്രമാണ് എത്തുന്നത്. വരുന്നവരെയെല്ലാം തെർമ്മൽ സ്കാനിംഗ് നടത്തിയാണ് പ്രവേശിപ്പിക്കുന്നത്. കരാർ ജോലികൾ പൂർണമായും നിറുത്തിവച്ചു. ഒാഫീസും വർക്ക് ഷോപ്പുകളും പരിസരങ്ങളും പൂർണമായി അണുവിമുക്തമാക്കിയിട്ടുണ്ടെന്ന് വി.എസ്.എസ്.സി അധികൃതർ പറഞ്ഞു.

വി.എസ്.എസ്.സിയിൽ കൊവിഡ് സ്ഥിരീകരിച്ചത് ഗൗരവമായി കാണുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരെയും കൊവിഡ് പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് നിഷ്കർഷിക്കാൻ ഇന്നലെ ചേർന്ന ജില്ലാ കൊവിഡ് നിയന്ത്രണസമിതി യോഗത്തിൽ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.