malayinkil
അജികുമാറിൽ നിന്ന് പ്രതീക്ഷ ചാരിറ്റബിൾ ട്രസ്റ്റ് വാങ്ങിയ കുടകൾ മലയിൻകീഴ് താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്ക് നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തളകുമാരി കൈമാറുന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ,ഡോ. കാവ്യ, ഡോ. സ്മിത എന്നിവർ സമീപം

മലയിൻകീഴ്: വൈകല്യത്തെ മനക്കരുത്തുകൊണ്ട് തോൽപ്പിച്ച യുവാവ് നിർമ്മിച്ച വർണക്കുടകൾ ആരോഗ്യ പ്രവർത്തകർക്ക് തണൽവിരിക്കും. അരയ്ക്കുതാഴെ തളർന്നതിന് തുടർന്ന് വീൽചെയറിലായ പൂവച്ചൽ ആലമുക്ക് പുതുക്കോണം ജീസസ് വില്ലയിൽ എസ്.വി. അജികുമാർ (40) നിർമ്മിച്ച കുടകളാണ് മലയിൻകീഴ് താലൂക്ക് ആശുപത്രിയിലേയും ഹോമിയോ ആശുപത്രിയിലേയും ജീവനക്കാർക്കടക്കം കൈമാറിയത്. ഇരുപത്തിഒന്നാം വയസിൽ മരത്തിൽ നിന്ന് വീണാണ് അജികുമാറിന് നട്ടെല്ലിന് ക്ഷതമേൽക്കുന്നത്. വർഷങ്ങളോളം ചികിത്സയിലായിരുന്നെങ്കിലും എഴുന്നേറ്ര് നടക്കാനായില്ല. കുടുംബം പോറ്റുന്നതിന് ആരുടെ മുന്നിലും തലകുനിക്കാനില്ലെന്ന ദൃഢനിശ്ചയമാണ് അജിയെ കുടനിർമ്മാണത്തിലേക്ക് നയിച്ചത്. സഹായിയായി ഭാര്യ രമ്യയുമുണ്ട്. സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ടാണ് കുടകൾ നിർമ്മിച്ചതെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ ഇവ വിറ്രുപോയില്ല.

തണലായി പ്രതീക്ഷ ചാരിറ്രബിൾ ട്രസ്റ്ര്

സാമ്പത്തികമായി ബുദ്ധിമുട്ടിലായ അജികുമാറിന്റെ അവസ്ഥയറിഞ്ഞ വിളപ്പിൽശാല പ്രതീക്ഷ ചാരിറ്രബിൾ ട്രസ്റ്ര് ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ സഹായഹസ്തവുമായെത്തുകയായിരുന്നു.

കുടകൾ ഏറ്റെടുത്ത് നൽകണമെന്ന ആവശ്യവുമായി വിളപ്പിൽ രാധാകൃഷ്ണൻ പെൻബോൾ സ്ഥാപകൻ സി. ബാലഗോപാലിനെ സമീപിച്ചു. ഇതിനുള്ള സഹായം നൽകാമെന്ന് അദ്ദേഹം ഉറപ്പുപറഞ്ഞതോടെ അജികുമാർ നിർമ്മിച്ച 600 കുടകൾ 360 രൂപ നിരക്കിൽ 2,10,600 രൂപയ്ക്ക് പ്രതീക്ഷ വാങ്ങുകയായിരുന്നു. കുടകൾ അർഹതപ്പെട്ടവരുടെ കൈകളിലെത്തണമെന്ന തീരുമാനത്തെ തുടർന്നാണ് പ്രദേശത്തെ ആരോഗ്യ പ്രവർത്തകർക്ക് ഇവ വിതരണം ചെയ്യാൻ തീരുമാനിക്കുന്നത്.

കുടകൾ ഇവർക്ക്

മലയിൻകീഴ് താലൂക്ക് ആശുപത്രി അങ്കണത്തിൽ നടന്ന ചടങ്ങിൽ നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ. ശകുന്തളകുമാരി, വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, നാരായണഅയ്യർ എന്നിവർ ചേർന്ന് കുടകൾ വിതരണം ചെയ്തു. താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. കാവ്യ, ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.സ്മിത എന്നിവർ പങ്കെടുത്തു. നേമം ബ്ലോക്ക് പഞ്ചായത്തിലെ എട്ട് സർക്കാർ ആശുപത്രികളിലുള്ള ഡോക്ടർമാർ, നഴ്സുമാർ, ആശാവർക്കർമാർ എന്നിവർക്കാണ് കുടകൾ നൽകുന്നത്.