പാളയം മാർക്കറ്റും സാഫല്യം കോംപ്ളക്‌സും അടച്ചു
തിരുവനന്തപുരം: ഉറവിടമറിയാത്ത കൊവിഡ് രോഗവും വിപുലമായ സമ്പർക്ക സാദ്ധ്യതയും വ്യക്തമായതോടെ തലസ്ഥാന നഗരം സാമൂഹ്യവ്യാപന ഭീഷണിയുടെ മുൾമുനയിൽ. പാളയം സാഫല്യം കോംപ്ലക്‌സിൽ ജോലി ചെയ്‌തിരുന്ന അന്യസംസ്ഥാന തൊഴിലാളിക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സാഫല്യം കോംപ്ലക്‌സിന് പുറമെ പാളയം മാർക്കറ്റും ഏഴ് ദിവസത്തേക്ക് പൂർണമായും അടച്ചു. പാളയം പരിസരത്തെ തിരക്ക് അനുഭവപ്പെടുന്ന കടകളും, ഹോട്ടലുകളും ഏഴ് ദിവസത്തേക്ക് അടച്ചിടാനും നിർദ്ദേശിച്ചിട്ടുണ്ട്. പാളയം മാർക്കറ്റിന് മുന്നിലുള്ള തെരുവോരക്കച്ചവടങ്ങൾക്കും നിയന്ത്രണം ബാധകമാണ്. ഇവിടങ്ങളിലെ ചായത്തട്ടുകടകളും പ്രവർത്തിക്കില്ല. പാളയം മാർക്കറ്റുമുതൽ സാഫല്യം കോംപ്ലക്‌സ്, സെക്രട്ടേറിയറ്റ് പരിസരം, ആയുർവേദ കോളേജ് പരിസരം എന്നിവിടങ്ങളിലും വഞ്ചിയൂർ വരെയും മേയർ കെ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ നഗരസഭയുടെ എമർജൻസി റെസ്‌പോൺസ് ടീമിന്റെ നേതൃത്വത്തിൽ ഇന്നലെ അണുനശീകരണം നടത്തി. കൂടാതെ പാളയം വാർഡിൽ കർശന നിയന്ത്രണങ്ങളും നിലവിലുണ്ട്.
ഇന്നലെയും ഉറവിടമില്ലാത്ത
രണ്ടുരോഗികൾ കൂടി
ഇന്നലെ ജില്ലയിൽ രോഗം സ്ഥിരീകരിച്ച 17 പേരിൽ എ.ആർ ക്യാമ്പിലെ പൊലീസുകാരനും പാറശാല കോഴിവിള സ്വദേശിനിക്കും രോഗം ബാധിച്ചതെങ്ങനെ എന്നതിനെക്കുറിച്ച് വിവരമൊന്നുമില്ല. ഇരുവർക്കും യാത്രാപശ്ചാത്തലവുമില്ല. ഇത് ഏറെ ആശങ്കയാണ് ഉണ്ടാക്കിയിട്ടുള്ളത്. നഗരത്തിൽ ഉറവിടമില്ലാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടിവരുന്ന അവസ്ഥ സാമൂഹ്യവ്യാപന ഘട്ടത്തിന്റെ ലക്ഷണമാണെന്ന മുന്നറിയിപ്പാണ് ആരോഗ്യവകുപ്പും സ്‌പെഷ്യൽ ബ്രാഞ്ചും നൽകുന്നത്. വ്യാഴാഴ്ച രോഗം സ്ഥിരീകരിച്ച ബാലരാമപുരം സ്വദേശി, പാളയം സാഫല്യം കോംപ്ലക്‌സിലെ അസാം സ്വദേശിയായ ജീവനക്കാരൻ, വഞ്ചിയൂർ സ്വദേശിയായ ലോട്ടറി വില്പനക്കാരൻ, നെയ്യാറ്റിൻകര സ്വദേശിയായ വി.എസ്.എസ്.സി ട്രെയിനി എന്നിവർക്ക് രോഗം ബാധിച്ചതിനെക്കുറിച്ചും വിവരമൊന്നുമില്ല. മണക്കാട് ഐരാണിമുട്ടം സ്വദേശിയായ ആട്ടോ ഡ്രൈവർ, പാപ്പനംകോട് ഡിപ്പോയിലെ ബസ് ഡ്രൈവർ, മണക്കാട്ടെ മൊബൈൽ ഷോപ്പ് ഉടമ എന്നിവർക്ക് രോഗം സ്ഥിരീകരിച്ചതിനെക്കുറിച്ച് ഒരു വിവരവും കിട്ടിയിരുന്നില്ല. ഇതിനുപുറമെയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചതിൽ രണ്ടുപേരുടെ കാര്യത്തിലും ആശങ്കയുണ്ടായത്. ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ച പോത്തൻകോട് സ്വദേശി അബ്ദുൾ അസീസ്, നാലാഞ്ചിറ സ്വദേശി ഫാദർ വർഗീസ്, വഞ്ചിയൂർ സ്വദേശി രമേശൻ എന്നിവർക്ക് രോഗം ബാധിച്ചതെങ്ങനെയെന്നത് ഇതുവരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.