തിരുവനന്തപുരം : തലസ്ഥാനത്ത് അതീവ ജാഗ്രത വേണ്ട സാഹചര്യമാണുള്ളത്. ആളുകൾ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. തമിഴ്നാട്, കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ എത്തുന്നവർക്ക് ആന്റിജൻ ടെസ്റ്റ് നടത്തണമെന്ന് ആവശ്യപ്പെടും. രോഗലക്ഷണങ്ങൾ ഉള്ളവരെ അവിടെത്തന്നെ ക്വാറന്റൈനിൽ ആക്കണമെന്നും മന്ത്രി പറഞ്ഞു. രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്കത്തിലുള്ളവരുടെ സ്രവപരിശോധന തുടങ്ങിയതായും ജില്ല അടച്ചിടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.
ജില്ലയിൽ കൊവിഡ് പരിശോധന ഇരട്ടിയാക്കും, ആന്റിജൻ പരിശോധന ഉടൻ
ജില്ലയിൽ കൊവിഡ് പരിശോധന ഇരട്ടിയാക്കാൻ തീരുമാനം. ഉറവിടം അറിയാത്ത കേസുകളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ ആന്റിജൻ ടെസ്റ്റ് ബ്ലോക്ക് തലത്തിൽ വ്യാപിപ്പിക്കും. ഇതിനായി ആന്റിജൻ പരിശോധന ഉടൻ ആരംഭിക്കും. താഴെത്തട്ടിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ 2,750 ൽ അധികം വരുന്ന ബൂത്തുകൾ കേന്ദ്രീകരിച്ച് പ്രത്യേക സംവിധാനമൊരുക്കും. ഓഫീസ് ജോലിക്ക് ഹാജരാകാൻ കഴിയാത്ത സർക്കാർ ഉദ്യോഗസ്ഥരുടെ സേവനം ഇതിനായി ഉപയോഗപ്പെടുത്തും. ഓരോ ബൂത്തിലും പരമാവധി ആറ് ഉദ്യോഗസ്ഥരെ നിയോഗിച്ചാകും നിരീക്ഷണം നടത്തുക. ഷോപ്പിംഗ് മാളുകൾ, മറ്റ് വ്യാപാര സ്ഥാപനങ്ങൾ തുടങ്ങിയവ കൃത്യമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു മാത്രമേ പ്രവർത്തിക്കാൻ പാടുള്ളൂ. ഇത് ലംഘിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കും. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്ക് നിരന്തരം യാത്രചെയ്യുന്ന ഉദ്യോഗസ്ഥർ വി.എസ്.എസ്.സിയിൽ ജോലി ചെയ്യുന്നുണ്ട്. ഇവർക്ക് കൊവിഡ് പരിശോധന നിർബന്ധമായും നടത്തണമെന്നു കാട്ടി വി.എസ്.എസ്.സി ഡയറക്ടർക്ക് കളക്ടർ കത്തുനൽകും.