ബാലരാമപുരം: ബാലരാമപുരം സ്വദേശികളായ രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ പൊലീസ് ജാഗ്രതാ നടപടകൾ കർശനമാക്കി. വഴിമുക്ക്, ബാലരാമപുരം തലയൽ വാർഡിൽ ഉൾപ്പെടുന്ന കെ.എസ്.ഇ.ബി റോഡ്,​ ഉണ്ണി തിയേറ്റർ റോഡ്, ​ആലുവിള റോഡ്,​ പുള്ളിയിൽ റോഡ്,​ റെയിൽവേ ക്രോസ് റോഡ്,​ കൈതോട്ടുകോണം എന്നിവിടങ്ങൾ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ബാലരാമപുരം അഗസ്ത്യാർ റോഡ് മുതൽ വഴിമുക്ക് വരെ കടകമ്പോളങ്ങൾ ഇനിയൊരു അറിയിപ്പുണ്ടാകും വരെ അടഞ്ഞു കിടക്കും. കണ്ടെയ്ൻമെന്റ് സോൺ ഏരിയകളിൽ പൊലീസ് നീരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അത്യാവശ്യ സർവീസുകൾക്ക് മാത്രമാണ് പ്രവേശനാനുമതിയുള്ളത്. ജാഗ്രതാ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സി.ഐ.ജി ബിനു അറിയിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജാഗ്രത നിർദ്ദേശങ്ങളുടെ ഭാഗമായി മൈക്ക് അനൗൺസ്‌മെന്റും ആരംഭിച്ചിട്ടുണ്ട്. ബാലരാമപുരം ആലുവിള സ്വദേശിയായ യുവാവിന് ഹോട്ട് സ്പോട്ട് ഏരിയയായ കാലടിയിൽ ജോലിക്ക് പോയിവരവെയാണ് രോഗബാധയേറ്റത്. നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ നടത്തിയ സ്രവ പരിശോധനയിൽ ഫലം പോസിറ്റീവ് ആയിരുന്നു. തുടർന്ന് 29 ന് തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ബാലരാമപുരം വഴിമുക്ക് സ്വദേശിയായ യുവതിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ മെഡിക്കൽ കോളേജ് കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. കളിയിക്കാവിള കോഴിവിളയാണ് ഇവരുടെ കുടുംബവീട്. ഇവർ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ഓട്ടോയിലും മറ്റും സ്ഥിരമായി കുടുംബവീട്ടിൽ പോയിവരികയായിരുന്നു. ഇവരോടൊപ്പം സഞ്ചരിച്ച ആട്ടോ ഡ്രൈവറെയും സഹോദരനെയും നിരീക്ഷണത്തിലാക്കിയതായാണ് വിവരം. ബാലരാമപുരം, വഴിമുക്ക് പ്രദേശത്തുള്ളവർ ജാഗ്രതപാലിക്കണമെന്നും അതുവഴിയുള്ള വാഹനയാത്രയും പോയിവരവും കഴിവതും ഒഴിവാക്കണമെന്ന് ബാലരാമപുരം പൊലീസ് അറിയിച്ചു. ആരോഗ്യവകുപ്പ് അധികൃതർ ഇവരുടെ റൂട്ട്മാപ്പ് തയ്യാറാക്കിവരുകയാണ്. സാനിറ്റൈസർ, മാസ്ക് ഇവ കൂടാതെ പുറത്തുള്ള യാത്രക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.