തിരുവനന്തപുരം: അയൽവാസിയായ പെൺകുട്ടിയുടെ മാല പിടിച്ചു പറിക്കാൻ ശ്രമിച്ച പ്രതിയെ തടഞ്ഞ വിരോധത്തിൽ യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച നാല് പ്രതികൾക്ക് ശിക്ഷ. അഞ്ച് വർഷം കഠിന തടവും ഇരുപത്തി അയ്യായിരം രൂപ പിഴയുമാണ് ആറ്റിങ്ങൽ സബ് കോടതി വിധിച്ചത്.
വക്കം എസ്.എൻ. ജംഗ്ഷൻ ഷാനുമൻസിലിൽ ഷാനുവിനെയാണ് പ്രതികൾ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. ആറ്റിങ്ങൽ അഞ്ചുതെങ്ങ് ഒന്നാംപാലം സ്വദേശി അനസ്, കൊച്ചു കടപ്പുറം സ്വദേശി താഹ, അഞ്ചുതെങ്ങ് കടപ്പുറം സ്വദേശി അനസ്, അഞ്ചുതെങ്ങ് സ്വദേശി റിയാസ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പ്രതികൾ പിഴ തുക ഒടുക്കിയാൽ അതിൽ നിന്ന് അൻപതിനായിരം രൂപ പരിക്കേറ്റ ഷാനുവിന് നൽകാൻ ജഡ്ജി പ്രസൂൻ മോഹൻ ഉത്തരവിട്ടു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരു വർഷം അധിക തടവ് അനുഭവിക്കണം. 2015 ആഗസ്റ്റ് 28 ന് രാത്രി 9.15 ന് വീടിനു സമീപത്താണ് ഷാനു ആക്രമിക്കപ്പെട്ടത്. പ്രതികൾ ബിയർ കുപ്പി കൊണ്ട് തലയ്ക്ക്ടിച്ച് വീഴ്ത്തിയ ശേഷം വടിവാളു കൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാണ് കേസ്. ഷാനുവിന്റെ അയൽവാസിയായ പെൺകുട്ടിയുടെ മാല ഒന്നാം പ്രതിയായ അനസ് മാസങ്ങൾക്ക് മുൻപ് പിടിച്ചുപറിക്കാൻ ശ്രമിച്ചിരുന്നു. ഷാനുവിന്റെ ഇടപെടൽ കൊണ്ട് പ്രതിക്ക് മാല കിട്ടിയില്ല. ഇതിന്റെ വിരോധമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്.