തിരുവനന്തപുരം: സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച് മുഴുവൻ ജീവനക്കാരും ജോലിക്ക് ഹാജരാകണമെന്ന അച്ചടിവകുപ്പിന്റെ സർക്കുലർ പിൻവലിക്കണമെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. ശരത്ചന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. ഈ സർക്കുലർ പാലിച്ച് വിവിധ ജില്ലകളിൽ നിന്ന് വരുന്ന ജീവനക്കാർ ഒന്നിച്ച് വന്ന് ജോലി ചെയ്യുന്ന സാഹചര്യത്തിൽ രോഗം പകരുമെന്ന ആശങ്കയിലാണ് ജീവനക്കാർക്കുള്ളത്. അപ്രധാനമായ ചില ജോലികളുടെ പേരിൽ ജീവനക്കാരെ ഒന്നടങ്കം ജോലിക്ക് ഹാജരാകാനുള്ള നിർദ്ദേശം നടപ്പിലാക്കുന്നത് അപകടം വരുത്തിവയ്‌ക്കും. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും ശരത്ചന്ദ്രപ്രസാദ് ആവശ്യപ്പെട്ടു.