തിരുവനന്തപുരം: പിരിച്ചുവിട്ട തൊഴിലാളികളെ സർവീസിൽ നിലനിറുത്തി ഒരു മാസത്തിനുള്ളിൽ തിരിച്ചെടുക്കാമെന്ന ഉറപ്പിന്മേൽ എയർ ഇന്ത്യാ സാറ്റ്സിൽ നടന്നുവന്ന തൊഴിലാളി സമരം ഒത്തുതീർപ്പായി. കേന്ദ്ര റീജിയണൽ ലേബർ കമ്മീഷണർ എസ്. ആന്റണി അടിമയുടെ അദ്ധ്യക്ഷതയിൽ നടന്ന ചർച്ചയിലാണ് മാനേജ്മെന്റ് തീരുമാനം വ്യക്തമാക്കിയത്. ഇനി തൊഴിലാളികളെ പിരിച്ചുവിടില്ലെന്നും മാനേജ്‌മെന്റ് ഉറപ്പുനൽകി. കൊവിഡ് വ്യാപനത്തെ തുടർന്നുള്ള കമ്പനിയുടെ സാമ്പത്തിക ബാദ്ധ്യത പരിഹരിക്കുന്നതിനെക്കുറിച്ച് ഒരു മാസത്തിനുള്ളിൽ തൊഴിലാളികളുമായി ചർച്ച ചെയ്യും. സംയുക്ത സമരസമിതി നേതാക്കളായ പി. രാജേന്ദ്രദാസ്, എ.പി. അജിത്ത് കുമാർ, ചാല സുധാകരൻ, പാട്രിക്ക് മൈക്കൾ, ആർ.എസ്. വിജയ് മോഹൻ, ജോൺ ജെറോം എന്നിവരും മാനേജ്‌മെന്റ് പ്രതിനിധികളായ യോഗ നരസിംഹം, നിഷാ ആനി ചാക്കോ, ദീപാ രാധിക എന്നിവരും ചർച്ചയിൽ പങ്കെടുത്തു.