തിരുവനന്തപുരം: ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അടുത്ത ആഴ്ച മുതൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. അരിയും ഒൻപത് ഇന പലവ്യഞ്ജനങ്ങളും അടങ്ങിയ 81.37 കോടി രൂപയുടെ ഭക്ഷ്യക്കിറ്റുകൾ പൊതു വിദ്യാഭ്യാസ വകുപ്പാണ് നൽകുക. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സപ്ലൈക്കോയിലൂടെ സ്കൂളുകളിൽ ലഭ്യമാക്കുന്ന ഭക്ഷ്യക്കിറ്റുകൾ ഉച്ചഭക്ഷണ കമ്മിറ്റി, പി.ടി.എ, എസ്.എം.സി, മദർ പി.ടി.എ എന്നിവയുടെ സഹകരണത്തോടെ സാമൂഹിക അകലം പാലിച്ച് രക്ഷിതാക്കൾക്ക് വിതരണം ചെയ്യും.