liverpool-lost

ലിവർപൂളിനെ 4-0 ത്തിന് തകർത്ത് മാഞ്ചസ്റ്റർ സിറ്റി

ചാമ്പ്യൻ പട്ടമുറപ്പിച്ചശേഷമുള്ള ആദ്യമത്സരത്തിൽ ലിവർപൂളിന് ഞെട്ടിക്കുന്ന തോൽവി

മാഞ്ചസ്റ്റർ : 30 കൊല്ലത്തിനുശേഷം ഇംഗ്ളീഷ് പ്രിമിയർ ലീഗ് കിരീടം നേടിയ തങ്ങളെ ഗാർഡ് ഒഫ് ഒാണർ നൽകി ഗ്രൗണ്ടിലേക്ക് ആനയിച്ച മാഞ്ചസ്റ്റർ സിറ്റി കളിക്കളത്തിൽ ഇങ്ങനെ തങ്ങളുടെ നെഞ്ചത്തുകയറിയിരുന്ന് പൊങ്കാലയിടുമെന്ന് ലിവർപൂൾ കരുതിയിരിക്കില്ല.

കഴിഞ്ഞരാത്രി പുത്തൻ ചാമ്പ്യൻമാരെ മാഞ്ചസ്റ്റർ സിറ്റി കശാപ്പു ചെയ്തുകളഞ്ഞത് മറുപടിയില്ലാത്ത നാലുഗോളുകൾക്കാണ്. സിറ്റിയുടെ സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിലാണ് ലിവർപൂളിന് അപ്രതീക്ഷിത തിരിച്ചടിയേറ്റത്. കഴിഞ്ഞയാഴ്ച സിറ്റി ചെൽസിയോട് തോറ്റപ്പോഴാണ് ലിവർപൂൾ കിരീടവിജയം ആഘോഷിച്ചതെന്നത് മറ്റൊരു കൗതുകം.

ആദ്യപകുതിയിൽ മൂന്നുഗോളുകൾ മാഞ്ചസ്റ്റർ സിറ്റി നേടിയിരുന്നു. രണ്ടാംപകുതിയിൽ ഒരു സെൽഫ് ഗോൾകൂടി വഴങ്ങിയതോടെയാണ് ലിവർപൂൾ ഇൗ സീസണിലെ ഏറ്റവും കഠിനമായ തോൽവി ഏറ്റുവാങ്ങിയത്. 25-ാം മിനിട്ടിൽ കെവിൻ ഡി ബ്രുയാൻ പെനാൽറ്റിയിലൂടെയാണ് സിറ്റിയെ മുന്നിലെത്തിച്ചത്. 35-ാം മിനിട്ടിൽ റഹിം സ്റ്റെർലിംഗ്, 45-ാം മിനിട്ടിൽ ഫിൽ ഫോഡൻ എന്നിവർ സ്കോർ ചെയ്തതോടെ സിറ്റി 3-0 ത്തിന് മുന്നിലെത്തി. 66-ാം മിനിട്ടിൽ ഒാക്‌‌സലൈഡ് ചേമ്പർ ലൈനാണ് സെൽഫ് ഗോളടിച്ചത്.തന്റെ മുൻ ക്ളബിനെതിരെ സ്റ്റെർലിംഗ് ആദ്യമായാണ് ഗോൾ നേടുന്നത്.

ചുരുങ്ങിയത് ആറ് ഗോളുകൾക്കെങ്കിലും മാഞ്ചസ്റ്റർ സിറ്റി ജയിക്കേണ്ട മത്സരമായിരുന്നു ഇത്. സിറ്റി തങ്ങളുടെ ചില ശ്രമങ്ങൾ പോസ്റ്റിലും ബാറിലും തട്ടിപൊലിഞ്ഞിരുന്നു. ചിലവ ലിവർപൂൾ ഗോളി ആലിസണിന്റെ സേവുകളിലൊതുങ്ങി.

പരിക്കേറ്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായ സെർജി അഗ്യൂറോ, ബയേൺ മ്യൂണിക്കിലേക്ക് കൂടുമാറിയ ലെറോയ് സാനേ എന്നിവരില്ലാതെയാണ് മാഞ്ചസ്റ്റർ സിറ്റി കളിക്കാനിറങ്ങിയത്.

ഇൗ വിജയത്തോടെ 32 മത്സരങ്ങളിൽനിന്ന് 66 പോയിന്റായ മാഞ്ചസ്റ്റർ സിറ്റി ലിവർപൂളിന് പിന്നിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. 32 മത്സരങ്ങളിൽ നിന്ന് 86 പോയിന്റുള്ള ലിവർപൂളാണ് ഒന്നാമത്.

100 പോയിന്റിലെത്തുമോ?

ഇൗ മത്സരം തോറ്റെങ്കിലും സീസണിൽ 100 പോയിന്റ് തികച്ച് അവസാനിപ്പിക്കാൻ ലിവർപൂളിന് അവസരമുണ്ട്. ഇനി ലീഗിൽ ആറ് മത്സരങ്ങൾകൂടി ലിവർപൂളിന് അവശേഷിക്കുന്നുണ്ട്. ഇതിലെല്ലാം വിജയിച്ചാൽ 18 പോയിന്റുകൾ കൂടി നേടാം. ഇപ്പോൾ 86 പോയിന്റാണുള്ളത്. ഇനി എല്ലാ മത്സരങ്ങളും ജയിച്ചാൽ 104 പോയിന്റിലെത്തും. കഴിഞ്ഞസീസണിലെ സിറ്റിയുടെ റെക്കാഡ് തകർക്കാൻ ലിവർപൂളിന് കഴിയുമെന്ന് സാരം.

ഗോളുകൾ ഇങ്ങനെ

1-0

25-ാം മിനിട്ട്

കെവിൻ ഡിബ്രുയാൻ

ബോക്സിനുള്ളിൽവച്ച് റഹിം സ്റ്റെർലിംഗിന്റെ ജഴ്സിയിൽ പിടിച്ചുവലിച്ച ഗോമസ് മഞ്ഞക്കാർഡ് വാങ്ങുകയും പെനാൽറ്റിക്ക് വഴിയൊരുക്കുകയും ചെയ്തു. പെനാൽറ്റിയെടുത്ത കെവിൻ ഡി ബ്രുയാൻ ലിവർപൂൾ ഗോളി അലിസണിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് പന്ത് വലയിലാക്കി.

2-0

35-ാം മിനിട്ട്

റഹിം സ്റ്റെർലിംഗ്

വലതുവിംഗിലൂടെ ഫോഡൻ കൊണ്ടു വന്നുനൽകിയ പന്ത് സ്റ്റെർലിംഗ് ആദ്യം ഗോമസിനെയും പിന്നെ ആലിസണിനെയും വെട്ടിച്ച് വലയിലാക്കുകയായിരുന്നു.

3-0

45 + 2-ാം മിനിട്ട്

ഫിൽഫോഡൻ

കെവിൻ ഡി ബ്രുയാന്റെ ഒരു തകർപ്പൻ റിവേഴ്സ് പാസിൽനിന്ന് ഫോഡൻ നേടിയഗോൾ

4-0

67-ാം മിനിട്ട്

ചേമ്പർലൈൻ (സെൽഫ്)

ഒരു കോർണർ കിക്കിനെ തുടർന്നുണ്ടായ കൂട്ടപ്പൊരിച്ചിലിൽ സ്റ്റെർലിംഗിന്റെ ഒരു ലോ ഷോട്ട് ചേമ്പർലൈനിന്റെ കാലിൽ തട്ടി വലയിൽ കയറുകയായിരുന്നു.

2017

സെപ്തംബറിനുശേഷം നാലോ അതിലധികമോ ഗോളുകൾ പ്രിമിയർ ലീഗിൽ ലിവർപൂൾ വഴങ്ങുന്നത് ഇതാദ്യമാണ്.

2

ഇൗ സീസൺ പ്രിമിയർ ലീഗിൽ ലിവർപൂൾ വഴങ്ങുന്ന രണ്ടാമത്തെ മാത്രം തോൽവിയാണിത്. കഴിഞ്ഞ ഫെബ്രുവരിയിൽ വാറ്റ് ഫോർഡിനെതിരെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ആദ്യതോൽവി. രണ്ട് കളികളിൽ സമനിലയും ലിവർപൂൾ വഴങ്ങിയിട്ടുണ്ട്.

5-0

2017 ൽ ലിവർപൂൾ മാഞ്ചസ്റ്റർ സിറ്റിയോട് മറുപടിയില്ലാത്ത അഞ്ചുഗോളുകൾക്ക് തോറ്റിരുന്നു. 2018 ൽ 4-3 നും തോറ്റിരുന്നു.

1990 ന് ശേഷം ആദ്യമായി കിട്ടിയ ചാമ്പ്യൻപട്ടത്തിൽ കാര്യമായൊന്ന് ആഘോഷിക്കാൻപോലും സമയം കൊടുക്കാതെ നൽകിയ ഇൗ പ്രഹരം മാഞ്ചസ്റ്റർ സിറ്റിയെ സംബന്ധിച്ച് ഏറെ ആശ്വാസകരമാണ്. ലോക്ക് ഡൗണിനുശേഷം എവർട്ടണോട് സമനില വഴങ്ങിയും ചെൽസിയോട് തോറ്റും തളർന്നുനിന്ന സിറ്റിക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യമിട്ട് ഉണർന്നെണീക്കാൻ ഇൗ വിജയം സഹായകമാകും.