ഗെറ്റാഫെയെ 1-0 ത്തിന് തോൽപ്പിച്ച റയൽ മാഡ്രിഡിന് നാല് പോയിന്റ് ലീഗ്
മാഡ്രിഡ് : കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ ഗെറ്റാഫെയെ ഒറ്റ ഗോളിന് കീഴടക്കിയ റയൽ മാഡ്രിഡ് നാലുപോയിന്റ് ലീഡുമായി സ്പാനിഷ് ലാലിഗ കിരീടത്തിലേക്ക് അടുക്കുന്നു. 79-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ നായകൻ സെർജിയോ റാമോസ് നേടിയ ഗോളിനായിരുന്നു റയലിന്റെ വിജയം.
ഗോൾ രഹിതമായിരുന്ന ആദ്യപകുതിക്ക് ശേഷം 79-ാം മിനിട്ടിലാണ് റാമോസ് വിജയം കുറിച്ച ഗോൾ നേടിയത്. വലതുവിംഗിലൂടെ വന്ന ഡാനി കർവഹായൽ പന്തുമായി ബോക്സിനുള്ളിലേക്ക് കയറിയപ്പോൾ ഒലിവേറ നടത്തിയ ഫൗളിനാണ് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയത്. കിക്കെടുത്ത റാമോസിന് പിഴച്ചില്ല.
ഇൗ വിജയത്തോടെ റയലിന് 33 മത്സരങ്ങളിൽനിന്ന് 74 പോയിന്റായി. രണ്ടാംസ്ഥാനക്കാരായ ബാഴ്സയ്ക്ക് 33 കളികളിൽനിന്ന് 70 പോയിന്റേയുള്ളൂ. ഇനി അഞ്ചുമത്സരം വീതമാണ് ഇരുടീമുകൾക്കും ലീഗിൽ അവശേഷിക്കുന്നത്.
ഞായറാഴ്ച അത്‌ലറ്റിക്കോ ബിൽബാവോയ്ക്ക് എതിരെയാണ് റയലിന്റെ അടുത്ത മത്സരം.
6
തുടർച്ചയായ ആറാം മത്സരത്തിലാണ് റയൽ വിജയം നേടുന്നത്.
പോയിന്റ് നില
ടീം, കളി, പോയിന്റ്
റയൽ മാഡ്രിഡ് 33-74
ബാഴ്സലോണ 33-70
അത്‌ലറ്റിക്കോ 33-59
സെവിയ്യ 33-57
വിയ്യാറയൽ 33-54