leroy-sane

ലെറോയ് സാനെയെ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ബയേൺ മ്യൂണിക്ക് സ്വന്തമാക്കി

ബെർലിൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ക്ളബ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് യുവ ജർമ്മൻ വിംഗർ ലെറോയ് സാനെയെ ജർമ്മൻ ബുണ്ടസ് ലിഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക് സ്വന്തമാക്കി.

എത്ര തുകയ്ക്കാണ് ഇൗ 24 കാരനെ സ്വന്തമാക്കിയതെന്ന് ബയേൺ വ്യക്തമാക്കിയിട്ടില്ലെങ്കിലും 50-60 ദശലക്ഷം ഡോളറിനായിരുന്നു ക്ളബ് മാറ്റമെന്ന് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോളയുടെ ആശീർവാദത്തോടെയാണ് സാനെ സ്വന്തം നാട്ടിലേക്ക് മടങ്ങിയത്. നാലുവർഷം മുമ്പാണ് ജർമ്മൻ ക്ളബ് ഷാൽക്കെയിൽ നിന്ന് സാനേ മാഞ്ചസ്റ്റർ സിറ്റിയിലെത്തിയത്. അഞ്ചുവർഷത്തേക്കായിരുന്നു അന്നത്തെ കരാർ. എന്നാൽ ഒരുവർഷം ശേഷിക്കേ കരാർ അവസാനിപ്പിക്കാൻ താരം ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.

ഇപ്പോഴത്തെ ബയേൺ മ്യൂണിക്കിന്റെ പരിശീലകൻ ഹാൻസി ഫ്ളിക്ക് ജർമ്മൻ അണ്ടർ 21 ടീം കോച്ചായിരുന്നപ്പോഴുള്ള സൗഹൃദമാണ് സാനെയെ ബയേണിലേക്ക് പോകാൻ പ്രേരിപ്പിച്ചത്. കഴിഞ്ഞവർഷം ആഗസ്റ്റിൽ വൻ തുകയ്ക്ക് സാനെ ബയേണിലേക്ക് പോകുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ആയിടയ്ക്ക് കാൽമുട്ടിന് പരിക്കേറ്റത് തിരിച്ചടിയായി. ഫെബ്രുവരിയിലാണ് താരം കളിക്കളത്തിലേക്ക് തിരികെവന്നത്. 2018 ലോകകപ്പ് ടീമിൽനിന്ന് സാനെയെ ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു.

135

മത്സരങ്ങളിലാണ് കഴിഞ്ഞ നാല് സീസണുകളിലായി മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി സാനെ കളിച്ചത്.

39

ഗോളുകൾ സിറ്റിക്കുവേണ്ടി നേടിയ താരം

2016

ലാണ് ഷാൽക്കെ വിട്ട് സിറ്റിയിലേക്ക് എത്തുന്നത്

21

മത്സരങ്ങളിൽ ജർമ്മൻ സീനിയർ ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്. അഞ്ച് ഗോളുകളും നേടിയിട്ടുണ്ട്.

മാഞ്ചസ്റ്റർ സിറ്റിക്കൊപ്പം രണ്ട് പ്രിമിയർലീഗ് കിരീടങ്ങൾ, രണ്ട് ലീഗ് കപ്പുകൾ, രണ്ട് കമ്മ്യൂണിറ്റി ഷീൽഡുകൾ, ഒരു എഫ്.എ കപ്പ് എന്നിവ സാനേ നേടിയിട്ടുണ്ട്. യൂറോപ്യൻ കിരീടങ്ങൾ ഒന്നും നേടിയിട്ടില്ല.

ബയേണിനൊപ്പം നിരവധി കിരീടങ്ങൾ, പ്രത്യേകിച്ച് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടണമെന്നാണ് എന്റെ ആഗ്രഹം. അണ്ടർ 21 ടീമിൽ കളിക്കുമ്പോഴേ എനിക്ക് ഹാൻസി ഫ്ളിക്കിനെ അറിയാം. ബയേണിൽ അദ്ദേഹത്തിന് കീഴിൽ കളിക്കാൻ കഴിയുന്നത് ആത്മവിശ്വാസം പകരും.

ലെറോയ് സാനെ

ഉമിറ്റിറ്റിക്ക് പരിക്ക്

മാഡ്രിഡ് : കാൽമുട്ടിലേറ്റ പരിക്ക് കാരണം പ്രതിരോധ താരം സാമുവൽ ഉമിറ്റിറ്റിക്ക് ഞായറാഴ്ച വിയ്യാറയലിനെതിരെ നടക്കുന്ന സ്പാനിഷ് ലാലിഗ മത്സരത്തിൽ കളിക്കാനാവില്ലെന്ന് ബാഴ്സലോണ ഫുട്ബാൾ ക്ളബ് അറിയിച്ചു. ഇൗ സീസണിൽ പരിക്ക് കൊണ്ട് ഏറെ വലഞ്ഞ ഉമിറ്റിറ്റി ലോക്ക് ഡൗണിന് ശേഷം രണ്ട് മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്.