തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണം കടുപ്പിച്ച് നഗരസഭ. സിറ്റിയിലെ കടകൾ വൈകിട്ട് 7 വരെ മാത്രമേ പ്രവർത്തിക്കാൻ അനുവദിക്കുകയുള്ളൂ. മാർക്കറ്റുകളിലെല്ലാം കയറുന്നതിനും ഇറങ്ങുന്നതിനും ക്രമീകരണം ഏർപ്പെടുത്തി. മാളുകളിലെ സൂപ്പർ മാർക്കറ്റുകളിലെ സി.സി.ടിവി കാമറകൾ നഗരസഭയിലെ കൺട്രോൾ റൂമുമായി ബന്ധിപ്പിക്കും. കൺട്രോൾ റൂം നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ആൾക്കൂട്ടം നിയന്ത്രിക്കാത്ത കടകൾക്കെതിരെ നടപടി സ്വീകരിക്കും. നഗരപരിധിയിലെ വീടുകളിൽ നിന്ന് പുറത്തിറങ്ങുന്നവർ ബ്രേക്ക് ദ ചെയിൻ ഡയറി സൂക്ഷിക്കണം.
നിയന്ത്രണങ്ങളുടെ ഭാഗമായി മാർക്കറ്റുകളിലെ
കടകൾക്ക് ഏർപ്പെടുത്തുന്ന ക്രമീകരണം
പഴം,പച്ചക്കറി കടകൾക്ക് തിങ്കൾ,ചൊവ്വ,വെള്ളി,ശനി ദിവസങ്ങളിൽ തുറന്ന് പ്രവർത്തിക്കാം
പലവ്യഞ്ജനങ്ങൾ, സ്റ്റേഷണറി,ചിക്കൻ എന്നിവ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തനം
മത്സ്യം,മാംസം എന്നിവ വിൽക്കുന്ന സ്ഥാപനങ്ങളുൾപ്പെടെ മറ്റുവ്യാപാര സ്ഥാപനങ്ങൾ ഓരോ കാറ്റഗറിയിലും, മൊത്തം സ്ഥാപനങ്ങളുടെ 50 ശതമാനം സ്ഥാപനങ്ങൾ മാത്രം ഓരോ ദിവസവും പ്രവർത്തിക്കുന്ന രീതിയിലാണ് ക്രമീകരണം.
തിങ്കൾ,ബുധൻ,വെള്ളി,ശനി എന്നീ ദിവസങ്ങളിൽ മാളുകളിലെ സൂപ്പർ മാർക്കറ്റുകൾക്ക് തുറന്ന് പ്രവർത്തിക്കാം
അവധി ദിവസങ്ങളിൽ ഹോം ഡെലിവറി അനുവദിക്കും