തിരുവനന്തപുരം: കഴക്കൂട്ടത്ത് ദേശീയ പാതയുടെ പണിക്കായി അന്യ സംസ്ഥാനങ്ങളിൽ നിന്ന് വിമാനത്തിൽ തൊഴിലാളികളെ രഹസ്യമായി എത്തിച്ച് ക്വാറന്റൈൻ ചെയ്യാതെ നേരിട്ട് പണിസ്ഥലത്തെത്തിച്ചത് വിവാദമായി. എറണാകുളത്ത് വിവാദമായ പാലം നിർമ്മിച്ച കമ്പനിയാണ് തൊഴിലാളികളെ രഹസ്യമായി എത്തിച്ചത്. സംഭവം അറിഞ്ഞ് പൊലീസും ആരോഗ്യ വകുപ്പ് അധികൃതരും രംഗത്തെത്തി നടപടികൾ സ്വീകരിച്ചു. ഇന്നലെയായിരുന്നു സംഭവം.

ദേശീയപാതയിലെ മേൽപ്പാലം നിർമ്മിക്കാനാണ് തൊഴിലാളികളെ എത്തിച്ചത്. കൊവിഡും ലോക്ക് ഡൗണും മൂലം പണി വൈകിയതോടെയാണ് കരാറുകാർ ഇൗ സാഹസത്തിന് മുതിർന്നതെന്നാണ് വിവരം. കൊൽക്കത്തയിലും കാൺപൂരിലും നിന്ന് തൊഴിലാളികളെ ഒന്നിന് എറണാകുളത്തെത്തിച്ചു. പിന്നീട് അവരെ ക്വാറന്റൈനിലാക്കുമെന്നു പറഞ്ഞ് ആലപ്പുഴയിലെത്തിച്ചു. അവിടെ നിന്ന് തിരുവനന്തപുരത്തെ വർക്ക് സൈറ്റിലേക്ക് റോഡ് മാർഗം എത്തിക്കുകയായിരുന്നു. തുടർന്ന് കമ്പനി ഇടപെട്ട് ഇവരെ മേനംകുളം തെക്കേമുക്ക് ഭാഗത്തെ ഇരുനിലകെട്ടിടത്തിൽ ക്വാറന്റെെനിലാക്കിയതായാണ് വിവരം. ഇവർക്കൊപ്പം ജോലി ചെയ്‌തിരുന്ന 70ഓളം തൊഴിലാളികളും ആശങ്കയിലാണ്.