തിരുവനന്തപുരം: നഗരത്തിലെ പുതിയ കണ്ടെയ്ൻമെന്റ് സോണുകളായ പൂന്തുറ, വഞ്ചിയൂർ, അത്താണിലെയിൻ, പാളയം മാർക്കറ്റ് ഏരിയ, പാളയം സാഫല്യം കോംപ്ലക്സ്, പാരിസ് ലെയിൻ റസിഡന്റ്സ് ഏരിയ എന്നിവിടങ്ങളിൽ പൊലീസ് ശക്തമായ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തിയതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.
ഇവിടങ്ങളിലേക്കുള്ള വഴികൾ പൊലീസ് ബാരിക്കേഡ് വച്ച് അടച്ചു. വഞ്ചിയൂർ സ്‌റ്റേഷൻ പരിധിയിലെ വഞ്ചിയൂർ കോടതിക്ക് എതിർവശം അത്താണി ലെയിനിലേക്കുള്ള പ്രധാന വഴി, ഹീരാ അപ്പാർട്ടുമെന്റിന് സമീപമുള്ള റോഡ്, അമ്മ ആംബുലൻസിന് എതിർവശത്തെ റോഡ്, സമദ് ഹോസ്പിറ്റലിനു സമീപമുള്ള റോഡ്, കന്റോൺമെന്റ് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ വി.ജെ.ടി ഹാൾ ജൂബിലി ഹോസ്പിറ്റൽ റോഡ് എന്നിവിടങ്ങളാണ് ഇന്നലെ പൂർണമായും അടച്ചത്. പൂന്തുറ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ വരുന്ന പൂന്തുറ, ബീമാപള്ളി, ഫിഷർമെൻ കോളനി, പള്ളിത്തെരുവ് ഈസ്റ്റ്, വെസ്റ്റ്, കുമരിച്ചന്ത ഈസ്റ്റ്, മുന്നാറ്റുംമുക്ക് പാലം, മസാലത്തെരുവ് ഇരുവശവും, കുമരിച്ചന്ത പുത്തൻപള്ളിക്ക് മുൻവശം എന്നിവിടങ്ങളും കഴിഞ്ഞ ദിവസം അടച്ചിരുന്നു. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെ എല്ലാ കടകളും ഈ സോണുകളിൽ അടച്ചിടണം. വാഹനങ്ങൾക്കും ആളുകൾക്കും ഇവിടേക്ക് പ്രവേശനം അനുവദിക്കില്ല. വഞ്ചിയൂർ കോടതിക്ക് എതിർവശം അത്താണി ലെയിനിലേക്കുള്ള പ്രധാന വഴി,വി.ജെ.ടി ജൂബിലി റോഡ്, കുമരിച്ചന്ത പുത്തൻപള്ളിക്ക് മുൻവശം എന്നീ സ്ഥലങ്ങളാണ് അതിർത്തി പരിശോധനാ കേന്ദ്രങ്ങൾ. ഇന്നലെ ലോക്ക് ഡൗൺ ലംഘിച്ച 60 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് പ്രകാരം കേസെടുത്തു. മാർഗനിർദ്ദേശങ്ങൾ പാലിക്കാതെ യാത്ര ചെയ്ത 18 വാഹനങ്ങൾക്കെതിരെയും മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി യാത്ര ചെയ്ത 231 പേർക്കെതിരെയും നിയമനടപടി സ്വീകരിച്ചു.