തിരുവനന്തപുരം : വിദേശത്ത് നിന്നെത്തി വിമാനത്താവളങ്ങളിൽ കൊവിഡ് സ്ഥിരീകരിക്കുന്ന പ്രവാസികളെ ഇനി ചികിത്സയ്ക്കായി സ്വന്തം ജില്ലയിലേക്ക് അയക്കും. പ്രത്യേക ആംബുലൻസിൽ എല്ലാ മുൻകരുതലും സ്വീകരിച്ചാണ് നടപടി. വിദേശത്ത് നിന്നെത്തത്തിയിട്ടും നാട്ടിൽ പോകാൻ കഴിതെ നിരവധി പേർ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ചികിത്സയിലുണ്ട്. പുതിയമാർഗനിർദേശം പുറത്തു വന്നതോടെ ഇനി മുതൽ ഇത്തരത്തിലാകും നടപടി.
വിമാനത്താവളത്തിൽ ആൻറിബോഡി പരിശോധനയിൽ പോസിറ്റീവ് ആകുന്നവരെ കൊവിഡ് കെയർ സെൻറിലേക്ക് മാറ്റുകയും ആർ.ടി.പി.സി.ആർ പരിശോധന നടത്തി രോഗം സ്ഥിരീകരിക്കുകയുമാണ് ചെയ്യുന്നത്. ഇതിനായി കുറഞ്ഞത് ഏഴുമണിക്കൂർ കാത്തിരിക്കേണ്ടി വരും. ഇതിന് പകരം 30 മിനുട്ടിൽ ഫലം ലഭിക്കുന്ന ആൻറിജെൻ പരിശോധനയിലൂടെ രോഗം സ്ഥിരീകരിക്കും. ലക്ഷണമില്ലാത്തവർക്ക് ആൻറിബോഡി പരിശോധനയിൽ പോസിറ്റീവായാൽ രോഗ സ്ഥിരീകരണത്തിന് പി.സി.ആർ പരിശോധന തന്നെ നടത്തും.
അതേ ജില്ലയിലെ ഒന്നിലധികം പേർക്ക് രോഗം സ്ഥിരീകരിച്ചാൽ അവരെ സുരക്ഷാ മുൻകരുതലോടെ ഒരേ വാഹനത്തിൽ ആശുപത്രിയിലേക്ക് മാറ്റും. മറ്റ് ജില്ലയിലുള്ളവരെ രോഗം സ്ഥിരീകരിച്ച രേഖകൾ സഹിതം അതത് ജില്ലയിലേക്ക് അയക്കും. വിമാനത്താവളത്തിലെ മെഡിക്കൽ ഓഫീസർ, ജില്ലാ സർവെയ്‌ലൻസ് ഓഫീസർ എന്നിവർ നടപടികൾ ഏകോപിപ്പിക്കും.
ജോലിനഷ്ടപ്പെട്ട പ്രവാസികളുടെ മക്കൾക്ക്
ഒരു കോടിയുടെ സ്കോളർഷിപ്പ്
തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനം നടത്തുന്നവരുടേയും ജീവനോപാധികൾ നഷ്ടപ്പെട്ട് വിദേശത്തുനിന്നും മടങ്ങിയെത്തിയവരുടെയും മക്കൾക്ക് ഡിസി കിഴക്കേമുറി ഫൗണ്ടേഷൻ അവരുടെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒരുകോടി രൂപയുടെ സ്കോളർഷിപ്പ് നൽകുമെന്ന് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ട്യൂഷൻ ഫീസിൽ 25 ശതമാനം മുതൽ 100 ശതമാനം വരെ ഇളവു നൽകിയാണ് ഈ ആനുകൂല്യം ലഭ്യമാക്കുന്നത്. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇത്തരത്തിൽ ചിന്തിക്കാവുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.