കൊച്ചി: എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുനിന്ന് പൾസർ ബൈക്ക് മോഷ്ടിച്ച കേസിൽ ഒരാളെക്കൂടി എറണാകുളം നോർത്ത് പൊലീസ് അറസ്റ്റുചെയ്തു. പാലക്കാട് കാഞ്ഞിരംപുഴ സ്വദേശി മുഹമ്മദ് ഫാസിലാണ് (22) പിടിയിലായത്. ഇതേകേസിൽ പത്തനംതിട്ട കോഴഞ്ചേരി ചിറയിറമ്പു സ്വദേശി വൈശാഖ് ബാലചന്ദ്രനെ കഴിഞ്ഞദിവസം നോർത്ത് പൊലീസ് പിടികൂടിയിരുന്നു.
ലോക്ക് ഡൗൺ വാഹനപരിശോധനയ്ക്കിടെ രേഖകളില്ലാത്ത ബൈക്ക് പൊലീസ് പിടികൂടിയിരുന്നു. എന്നാൽ രേഖകൾ സ്റ്റേഷനിൽ ഹാജരാക്കാമെന്ന് പറഞ്ഞ് പ്രതികൾ അന്ന് രക്ഷപ്പെട്ടു. നിശ്ചിതദിവസം രേഖകളുമായി എത്താത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി മുഖ്യപ്രതിയെ അറസ്റ്റുചെയ്തത്. സംഘത്തിലെ രണ്ടാമനെയാണ് ഇന്നലെ പിടികൂടിയത്. ഇവർ കൂടുതൽ വാഹനങ്ങൾ മോഷണം നടത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. മോഷണസംഘത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പരിശോധിച്ച് വരികയാണ്. നോർത്ത് സ്റ്റേഷൻ ഹൗസ് ഓഫീസർ സിബി ടോമിന്റെ നിർദേശപ്രകാരം എസ്.ഐ. അനസ്, എ.എസ്.ഐ വിനോദ് കൃഷ്ണ, സിവിൽപൊലീസ് ഓഫീസർ അജിലേഷ് എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.