വെഞ്ഞാറമൂട്: നെടുമങ്ങാട് താലൂക്കിൽപ്പെട്ട പുല്ലമ്പാറ പഞ്ചായത്തിലെ വാലിക്കുന്ന് കോളനിയിലെ വിദ്യാർത്ഥികളുടെ ഓൺ ലെെൻ വിദ്യാഭ്യാസത്തിന് സഹായവുമായി നിരവധി പേർ എത്തി. വാലിക്കുന്നിലെ വിദ്യാർത്ഥികളുടെ ബുദ്ധിമുട്ടുകളെ ചൂണ്ടികാട്ടി കേരള കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. തുടർന്ന് ആനാട് ടൗണിലെ യുവജനങ്ങൾ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. തേമ്പാംമൂട് ജനതാ ഹയർ സെക്കൻഡറി സ്കൂളിലെ പ്രഥമാദ്ധ്യാപകൻ പ്രദീപ് നാരായൺ, പുല്ലമ്പാറ പഞ്ചായത്ത് വെെസ് പ്രസിഡന്റ് ശ്രികണ്ഠൻ നായർ, പി.ടി.എ പ്രസിഡന്റ് ഷംനാദ്, പി.ടി.എ മെമ്പർ ബിജുകുമാർ, അദ്ധ്യാപകൻ സാജിത് എന്നിവർ വാലക്കുന്നിലെത്തി കുട്ടികളെ സന്ദർശിച്ചു. വാലിക്കുന്നിലെ കുട്ടികളുടെ ഓൺലെെൻ പഠനത്തിനായി ലാപ്ടോപ്പ് നൽകുമെന്ന് തേമ്പാംമൂട് ജനതാ ഹയർസെക്കൻഡറി സ്കൂളിലെ പി.ടി.എ പ്രസിഡന്റ് ഷംനാദ് അറിയിച്ചു.