ധാരണ

.............................

കാർഷിക പരിഷ്കരണത്തെക്കുറിച്ചുള്ള ഭരണഘടനയുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് കേരളവും ഭൂപരിഷ്കരണ നടപടികൾ തുടങ്ങിയതെങ്കിലും കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികൾ അതിന് വേണ്ടി മുൻകൈയെടുത്തിരുന്നതിനെ ആർക്കും തള്ളിപ്പറയാൻ കഴിയില്ല. പ്രത്യേകിച്ചും കോൺഗ്രസും പി.എസ്.പിയുമൊക്കെ അന്ന് ഭൂപരിഷ്കരണത്തെ പല ഘട്ടങ്ങളിലും എതിർത്തിരുന്നു എന്ന ചരിത്ര വസ്തുത നിലനിൽക്കുമ്പോൾ. 1964ലെ പിളർപ്പിന് ശേഷം രണ്ടു കമ്യൂണിസ്റ്ര് പാർട്ടികളും ഭൂപരിഷ്കരണ നിയമത്തിൽ വെള്ളം ചേർത്തു എന്നാരോപിച്ച് പരസ്പരം കുറ്രപ്പെടുത്തുകയും ചെയ്യാറുണ്ടായിരുന്നു. ഭൂപരിഷ്കരണ ശ്രമങ്ങളുടെ പൈതൃകവും ഇരുപാർട്ടികൾക്കും അവകാശപ്പെടാവുന്ന നിലയ്ക്ക് രണ്ടുകൂട്ടരും ഒരുമിച്ച് ചേർന്ന് ഭരിക്കുമ്പോൾ ഭൂപരിഷ്കരണത്തിൽ വെള്ളം ചേർക്കുമെന്ന് ആരും കരുതിയിരുന്നില്ല. ഭൂപരിഷ്കരണത്തിന്റെ ഭാഗമായി ഏറ്റെടുത്തശേഷം ഇളവ് നൽകിയ തോട്ടഭൂമിയിൽ ഭക്ഷ്യകൃഷിക്ക് അനുമതി നൽകാനാണ് ഇപ്പോൾ സി.പി.എമ്മും സി.പി.ഐയും ഒരുമിച്ച് തീരുമാനിക്കാൻ പോവുന്നത്. സാധാരണ തോട്ടം സംബന്ധിയായ തർക്കങ്ങളിലെല്ലാം സി.പി.എമ്മിന് തടയിടാൻ ശ്രമിക്കുന്ന സി.പി.ഐ ആകട്ടെ ഇവിടെ മുഖ്യകാർമ്മികനാകാൻ ശ്രമിക്കുകയാണ്. സി.പി.ഐ ഭരിക്കുന്ന കൃഷി വകുപ്പാണ് പുതിയ നീക്കം കൊണ്ടുവന്നത് തന്നെ. പക്ഷേ ഭൂപരിഷ്കരണത്തിൽ വെള്ളം ചേർക്കുന്നതിനെ ന്യായീകരിക്കുന്നത് അത് കാർഷികോല്പാദനം കുറച്ചു എന്ന കാരണം പറഞ്ഞാണ്. അതുകൊണ്ടാണ് കാർഷികോല്പാദനം കൂട്ടാൻ തോട്ടഭൂമിയിൽ ഭക്ഷ്യകൃഷിയുമാകാം എന്ന് വളച്ചുകെട്ടി പ്പറയുന്നത്. ഭൂപരിഷ്കരണത്തെ എതിർക്കാൻ കോൺഗ്രസും പി.എസ്. പിയുമൊക്കെ ഉന്നയിച്ച വാദങ്ങളാണ് അത് .കാർഷികോല്പാദനം കുറയ്ക്കുമെന്നും കൃഷിഭൂമിയെ തുണ്ടം തുണ്ടമാക്കുമെന്നും തുടങ്ങിയ എതിരാളികളുടെ വാദമുഖങ്ങളെ ആയുധമാക്കിയാണ് സർക്കാരിന്റെ പുതിയ നീക്കമെന്നതാണ് അതിന്റെ പ്ര്രത്യേകതയും .

മൂന്നാറിൽ ഭൂമി കൈയേറ്രമുണ്ടായപ്പോൾ സി.പി.എമ്മിനെതിരെ ശക്തമായ നിലപാടെടുത്ത പാർട്ടിയാണ് സി.പി.ഐയും അതിന്റെ ജില്ലാ ഘടകവും.സി.പി.എമ്മിന്റെ ഉന്നതരായ ജില്ലാ നേതാക്കളും ജില്ലാ ഭരണകൂടവും കൈയേറ്രക്കാര്യത്തിൽ അപ്പുറവുമിപ്പുറവും നിന്നപ്പോൾ കൈയേറ്രത്തിനെതിരായ നിലപാടാണ് സി.പി.ഐ ഇടുക്കിയിൽ സ്വീകരിച്ചത്. എന്നാൽ ഇന്ന് സി.പി.ഐക്ക് വലിയ എതിർപ്പുകളൊന്നുമില്ല. പ്രായോഗിക രാഷ്ട്രീയത്തിന്റെ പേരിൽ സി.പി.ഐയും സി.പി.എമ്മും തങ്ങളുടെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളിൽ വെള്ളം ചേർക്കുകയാണോ എന്ന സംശയം ആർക്കെങ്കിലും തോന്നിയാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ല. ഇരു കമ്യൂണിസ്റ്റ് പാർട്ടികളും തങ്ങളുടെതാണെന്ന് അവകാശപ്പെട്ടിരുന്ന ഭൂപരിഷ്‌കരണത്തിന്റെ പൈതൃകത്തെ തള്ളിപ്പറയുകയാണോ എന്ന സംശയമാണ് സ്വാഭാവികമായും ഉയരുന്നത്.

സർക്കാർ തന്നെ പറയുന്നത് രണ്ട് ലക്ഷത്തിലധികം പേർക്ക് ഒരു തുണ്ട് ഭൂമിപോലുമില്ലെന്നാണ്. യഥാർത്ഥ കണക്ക് അതിലധികം വരും. സാധാരണക്കാരന് ഗുണമാവേണ്ട ഭൂപരിഷ്കരണം അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ നടപ്പിലാക്കിയില്ല എന്നാണ് ലക്ഷക്കണക്കിന് ഭൂരഹിതരുടെ സാന്നിദ്ധ്യം തെളിയിക്കുന്നത്. ലക്ഷം വീട് പദ്ധതികൾ പോലുള്ള പദ്ധതികൾ എം.എൻ. ഗോവിന്ദൻ നായരെ പോലുള്ള പ്രഗത്ഭമതികൾ കൊണ്ടുവന്നെങ്കിലും വീടും ഭൂമിയുമില്ലാത്തവർക്ക് അത് നൽകാൻ ഇന്നും അന്യായമായി ഭൂമി കൈവശം വച്ച തോട്ടമുടമകളെ പിടികൂടിയേ തീരൂ. ഇപ്പോഴും കേരളത്തിൽ പലയിടത്തും ഭൂസമരങ്ങൾ നടക്കുന്നുണ്ട്. അവരുടെ രോദനം ആരും കേൾക്കില്ലെന്ന് മാത്രം. തോട്ടമുടമകൾക്ക് സീനിയറേജ് ( മരം വെട്ടുന്നതിനുള്ള നഷ്ടപരിഹാരം)​ ഒഴിവാക്കിക്കൊടുക്കാൻ നിർബന്ധബുദ്ധി കാണിക്കുന്ന ഭരണ നേതൃത്വത്തിന് ഭൂമിയില്ലാത്തവന്റെ കാര്യത്തിൽ ഈ താല്‌പര്യം കാണുന്നില്ല.

മിച്ചഭൂമി നിയമപ്രകാരം തോട്ടം,​ വ്യവസായം,​ വാണിജ്യം. വിദ്യാഭ്യാസം എന്നിവയ്ക്കായി ഇളവ് നൽകിയ ഭൂമിയിൽ തരം മാറ്രിയാൽ അത് മിച്ചഭൂമിയാകും. നിയമം കർശനമാക്കിയിരുന്നെങ്കിൽ പാവപ്പെട്ടവർക്ക് ഭൂമി കിട്ടാൻ ഇതു മതിയായിരുന്നു. എന്നാൽ മൂന്നുസെന്റ് ഭൂമി ഭൂരഹിതർക്ക് വിതരണം ചെയ്യാൻ പോയ യു.ഡ‌ി.എഫ് സർക്കാർ ഭൂമിയില്ലാത്തതുകൊണ്ട് ഉള്ളവരിൽ നിന്ന് വിലയ്ക്ക് വാങ്ങി ഭൂരഹിതർക്ക് കൊടുക്കുകയായിരുന്നുവത്രെ. തോട്ടം മേഖലയിൽ അഞ്ച് ശതമാനം ഭൂമി തരം മാറ്രി റിസോർട്ട് പണിയാൻ വരെ യു.ഡി.എഫ് സർക്കാർ തയ്യാറായാപോൾ അതിനെതിരെ ശബ്ദമുയർത്തിയവരാണ് ഇപ്പോൾ തോട്ടം ഭൂമിയിലും കൃഷി ചെയ്യാൻ അനുവാദം നൽകുന്നതെന്നതാണ് വിരോധാഭാസം.