പ്രകൃതിയും മനുഷ്യനും പുനർനിർമ്മാണത്തിലേർപ്പെടുന്ന കാലമാണ് കർക്കടകം. എന്നാൽ ഇന്ന് കർക്കടകത്തിനൊപ്പം കൊവിഡിനെയും കൂടി പ്രതിരോധിക്കണം .
പണ്ട് കാലത്തു ചക്കയും മാങ്ങയും തുടങ്ങി പലതും ഉണക്കിയും ഉപ്പിലിട്ടും സൂക്ഷിച്ചിരുന്നത് കർക്കടകത്തിലേക്കായിരുന്നു. മടിയുടെ പുതപ്പു മൂടുന്ന കാലഘട്ടത്തിൽ മനസിനും ശരീരത്തിനും ഉണർവേകാൻ രാമായണ പാരായണം, ക്ഷേത്രദർശനം, എണ്ണതേച്ചുകുളി, ആയുർവേദ ചികിത്സകൾ എന്നിങ്ങനെ പലതും ശീലിച്ചു പോന്നു.
നല്ല ആഹാരക്രമീകരണവും വ്യായാമവും കർക്കടകത്തിലെ ആലസ്യം അകറ്റി ആരോഗ്യത്തോടെയിരിക്കാൻ സഹായിക്കും. ഒപ്പം കൊവിഡിന്റെ പ്രതിരോധത്തിനും നമുക്ക് സഹായകമാകും.
ഭക്ഷണം
കർക്കടകത്തിലെ ഈ കാലയളവിൽ എളുപ്പം ദഹിക്കുന്ന ഭക്ഷ്യവസ്തുക്കളും, മലബന്ധം തുടങ്ങിയവ തടയാൻ സഹായിക്കുന്നതുമായവ തിരഞ്ഞെടുക്കുന്നതാണ് ഉത്തമം. പച്ചക്കറികൾ, പഴവർഗങ്ങൾ, പയറുവർഗ്ഗങ്ങൾ,മുഴുധാന്യങ്ങൾ, ഇലക്കറികൾ തുടങ്ങിയവയ്ക്കു പ്രാധാന്യം നൽകാം.
തക്കാളി, വെള്ളരിക്ക, മത്തൻ, കുമ്പളം, തടിയങ്ക, ബീറ്റ്റൂട്ട് , ഇഞ്ചി, വെളുത്തുള്ളി , പപ്പായ , അവയ്ക്കോട, കിവി , അത്തിപ്പഴം , വാഴപ്പഴം, ഉലുവ, ചണപയർ , ചിയാവിത്തുകൾ, ഫ്ളാക് സീഡ് , മുളപ്പിച്ച ചെറുപയർ മുതിര, ചമ്പാവരി, കുപ്പച്ചീര, തഴുതാമ, കറിവേപ്പില, പുതിന തുടങ്ങിയവ ഉത്തമം. കൂടാതെ പ്രോബിയോട്ടിക്സ് ആയ തൈര്, യോഗർട് തുടങ്ങിയവയും ഉപയോഗിക്കാം. മത്സ്യ മാംസാദികൾ ഈ കാലയളവിൽ മിതമായി ഉപയോഗിക്കുക. ഇക്കാലത്ത് ഉണ്ടാകുന്ന രക്തത്തിന്റെ ഹൈപ്പർ അസിഡിറ്റി കുറയ്ക്കാൻ ആല്ക്കലയിൻ അടങ്ങിയ ഭക്ഷ്യ വസ്തുക്കൾ സഹായിക്കും.
ദഹനപ്രശ്നങ്ങൾ ഒഴിവാക്കാൻ ഏറെ വൈകി രാത്രി ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. രാത്രിയിൽ മിതമായും കൊഴുപ്പില്ലാത്തവയും എളുപ്പം ദഹിക്കുന്നവയും തിരഞ്ഞെടുക്കണം.
ധാന്യങ്ങളിലെ തവിടിൽ ഉള്ള സിങ്ക് , ബി വിറ്റാമിനുകൾ, സെലിനിയും, കോപ്പർ തുടങ്ങിയവ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
മുളപ്പിച്ച പയർപരിപ്പു വർഗ്ഗങ്ങൾ നമ്മുടെ നിത്യ ഭക്ഷണത്തിന്റെ ഭാഗമാക്കുക, ജീവകം സി, ആന്റിഓക്സിഡന്റുകൾ അടങ്ങിയ പച്ചക്കറികളും പഴവർഗ്ഗങ്ങളും നിത്യേന ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.
ഇഞ്ചി, വെളുത്തുള്ളി, മഞ്ഞൾപൊടി എന്നിവ സാധാരണ അളവിൽ കറികളിൽ ചേർത്തുപയോഗിക്കാം.
വെള്ളം ദിവസേന മൂന്ന് ലിറ്ററിൽ അധികമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കുക .
മധുരം, എണ്ണ, അധികം കൊഴുപ്പടങ്ങിയ മാംസങ്ങൾ എന്നിവ നിയന്ത്രിക്കണം.
വീട്ടിനുള്ളിൽ ചെയ്യാൻ സാധിക്കുന്ന വ്യായാമങ്ങൾ ചെയ്യാം. നാരുകൾ അടങ്ങിയ ഭക്ഷ്യ വസ്തുക്കൾ ദിവസേന ഉൾപ്പെടുത്താൻ മറക്കണ്ട. മാംസ്യം അനിവാര്യമായ ഘടകമാണ്. ആയതിനാൽ, പയർ പരിപ്പ് വർഗങ്ങൾ, മുട്ട, മത്സ്യം തുടങ്ങിയവയും ഉപയോഗിക്കാം (മത്സ്യ മാംസാദി കളും മുട്ടയും നന്നായി വേകിച്ചു മാത്രം ഉപയോഗിക്കുക ).
ഉറക്കം
പകൽ നേരത്തേ ഉണർന്നു രാത്രിയിൽ നേരത്തേ ഉറങ്ങാൻ ശീലിക്കുക. ഉച്ചയുറക്കം ഒഴിവാക്കുക. 8 മണിക്കൂർ ഉറക്കം ശീലമാക്കുക.
വ്യായാമം
വീട്ടിൽ ചെയ്യാവുന്ന വ്യായാമ മുറകൾ ശീലിക്കുന്നത് ഉത്തമം. ശരീരത്തിന് അയവു ലഭിക്കാനും കർക്കിടകത്തിന്റെ ആലസ്യത്തെ അകറ്റാനും യോഗ ശീലിക്കുന്നതും നല്ലതാണ് . ദീർഘശ്വസനം, നാഡീശുദ്ധിപ്രാണായാമം, തുടങ്ങിയ ശ്വസനക്രിയകളുടെ പരിശീലനവും ഉൾപ്പെടുത്താം.
കൃത്യമായ ആഹാര ക്രമീകരണം വ്യായാമം എന്നിവ കൊണ്ട് ഈ കള്ള കർക്കിടകത്തിൽ കൊവിഡിനെ തുരത്തി ആരോഗ്യത്തോടെ ഇരിക്കാം.
(ഫോൺ: 9349390457)