കൊച്ചി: മഴക്കാലം ആരംഭിച്ചിട്ടും വെെപ്പിൻ ബോട്ട് ജെട്ടിയുടെ ശോചനീയാവസ്ഥ തുടരുകയാണ്. വെെപ്പിൻ ഫോർട്ട്കൊച്ചി നിവാസികളുടെ പ്രധാന യാത്രമാർഗമാണ് ബോട്ട് സർവീസ്. റോ-റോ സർവീസ് നടത്തുന്നതിനാൽ ബോട്ട് സർവീസ് നിർത്തിവെച്ചിരിക്കുകയായിരുന്നു. റോ-റോ ടെസ്റ്റിന് കൊണ്ടുപോവുമ്പോൾ ബോട്ട് സർവീസ് നടത്തണമെന്നാണ് വ്യവസ്ഥ. എന്നാൽ പൊളിഞ്ഞു വീഴാറായ ജെട്ടി ബോട്ട് സർവീസ് നടത്തുന്നതിന് വെല്ലുവിളിയാവുന്നു. ബോട്ട് ജെട്ടിയിൽ അടുപ്പിക്കാനും യാത്രക്കാർക്ക് ബോട്ടിൽ കയറാനും ജെട്ടിയുടെ നിലവിലെ അവസ്ഥയിൽ സാധിക്കില്ല. നിരവധി തവണ ജെട്ടി പുനർനിർമ്മിക്കണമെന്ന ആവശ്യം ഉന്നയിച്ചെങ്കിലും നടപടികളൊന്നും ഉണ്ടായിട്ടില്ല.
ഫോർട്ട് -വെെപ്പിൻ സർവീസ് ബോട്ട് 'ഫോർട്ട് ക്യൂൻ' അറ്റകുറ്റപണിക്ക് കൊണ്ടു പോയിട്ട് മാസങ്ങൾ പിന്നിട്ടു. ഒന്നര കോടി രൂപ ചിലവഴിച്ചായിരുന്നു ബോട്ടിന്റെ നിർമ്മാണം. ജെട്ടി പൊട്ടിപൊളിഞ്ഞ് കിടക്കുന്നതിനാൽ സർവീസ് നടത്താൻ പറ്റില്ലെന്ന് അധികൃതരും പറയുന്നു.
#പരാതി നൽകിയിട്ടും നടപടിയില്ല
ട്രഷറി, ബാങ്ക്, ആശുപത്രി, കോർപ്പറേഷൻ എന്നിവിടങ്ങളിലെ ജീവനക്കാരാണ് പ്രധാനമായും റോ-റോയെ ആശ്രയിക്കുന്നത്. മഴക്കാലമായതിനാൽ യാത്രാക്ളേശം വർദ്ധിക്കുകയാണ്. ജീവനക്കാർക്ക് കൃത്യ സമയത്ത് ജോലിയിൽ പ്രവേശിക്കാൻ പറ്റുന്നില്ലെന്നാണ് പരാതി. രാവിലെയും വെെകിട്ടുമാണ് തിരക്ക് അനുഭവപ്പെടുന്നത്. ഇത് സാമൂഹിക അകലം പാലിക്കുന്നതിലും വീഴ്ച്ചവരുത്തുന്നു. ബോട്ട് ജെട്ടിയുടെ ശോചനീയാവസ്ഥയെ കുറിച്ച് നിരവധി തവണ കൗൺസിലർക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല.
കെ.എ മൂജീബ് റഹ്മാൻ, പ്രസിഡന്റ് ഫോർട്ട് -വെെപ്പിൻ ജെങ്കാർ സംരക്ഷണ സമിതി
#സുരക്ഷിതമല്ലാതെ റോ-റോ യാത്ര
രണ്ട് റോ-റോ സർവീസ് നടത്തിയ സ്ഥാനത്ത് ഇപ്പോൾ ഒരെണ്ണം മാത്രമാണ് സർവീസ് നടത്തുന്നത്. ദിവസവും ഇരുനൂറിലധികം യാത്രക്കാരാണ് റോ-റോയെ ആശ്രയിക്കുന്നത്.
മഴക്കാലമായത്തോടെ യാത്രക്കാർ നനഞ്ഞാണ് യാത്ര ചെയ്യുന്നത്.മഴ കൊള്ളാതെ യാത്ര ചെയ്യാനുള്ള സൗകര്യവും റോ-റോയിൽ ഇല്ല.
#സർവീസ് നടത്തുന്നത് ഒരു റോ-റോ മാത്രം
ഒരു റോ-റോ മാത്രം സർവീസ് നടത്തുന്നതിനാൽ രാവിലെയും വെെകിട്ടും നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
കൃത്യ സമയത്ത് ജോലിയിൽ പ്രവേശിക്കേണ്ടതിനാൽ ആളുകൾ സാമൂഹ്യ അകലം പാലിക്കാതെയാണ് യാത്ര ചെയുന്നത്.
റോ-റോയിൽ മറ്റു കൊവിഡ് മുൻകരുതൽ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.