dronar

- പല ജാതി സൂക്ഷ്മജീവികളുടെ കൂട്ടത്തിൽ കേരള കോൺഗ്രസുകൾ പെടുമോ എന്ന് ശാസ്ത്ര ഗവേഷകർ ഇനിയും തീർച്ചപ്പെടുത്താനിരിക്കുന്നതേയുള്ളൂ. 'ഈ സൂക്ഷ്മജീവിയെക്കുറിച്ച് നിനക്കൊരു ചുക്കും അറിയില്ല...' എന്ന തരത്തിലെന്തോ കുശുകുശുക്കൽ, സഹ്യപർവ്വതം താണ്ടി കേരളത്തിലേക്ക് നടന്നുകയറുന്ന വഴിക്ക് കൊറോണ വൈറസ് കേട്ടിട്ടുണ്ടായിരുന്നുവത്രെ. ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്കൊരു ചുക്കും അറിയില്ലാ എന്ന് പറഞ്ഞിട്ടുള്ള മഹാസാധു പിണറായി സഖാവ് ഭരിക്കുന്ന നാടാണ് എന്നതിനാൽ ചുക്ക്, ചുണ്ണാമ്പ് തുടങ്ങിയ പദാവലികൾ കേരളത്തിൽ കാര്യമായി കേൾക്കാനിടയുണ്ട് എന്ന് ഇങ്ങോട്ടേക്ക് പുറപ്പെടും മുമ്പ് കൊറോണ വൈറസിനോട് ചൈനയിലെ ഷിജിൻ പിങ് ഉപദേശിച്ചിട്ടുണ്ടായിരുന്നു.

അതുകൊണ്ടുതന്നെ, നേരത്തേ കേട്ട കുശുകുശുക്കലിന് പിന്നിൽ തന്നേക്കാൾ കില്ലാഡിയായ ഒരു സൂക്ഷ്മൻ ആണെന്ന് കൊറോണ വൈറസ് ചിന്തിക്കുകയുണ്ടായില്ല. പിണറായി സഖാവോ ഷിജിൻ പിങ് സഖാവോ പോലെ വല്ലവരുമായിരിക്കാം അതിന് പിന്നിൽ എന്ന ഊഹത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. പിണറായി സഖാവിന്റെ നാട്ടിലിത് സാധാരണമാണെന്ന് ഷിജിൻ പിങ് സഖാവ് മുന്നറിയിപ്പ് തന്ന സ്ഥിതിക്ക് ചുക്ക് പരാമർശത്തെ അവൻ തീർത്തും നിസ്സാരവത്കരിക്കുകയുണ്ടായി. പക്ഷേ കാര്യം നിസ്സാരം, പ്രശ്നം ഗുരുതരം എന്നതാണ് അവസ്ഥ എന്ന് ഇവിടെ എത്തിയപ്പോഴല്ലേ ബോദ്ധ്യപ്പെട്ടത്.

ഈ സൂക്ഷ്മൻ ഇവിടെ കാലാവസ്ഥ മാറുന്നതിനനുസരിച്ച് പെറ്റ് പെരുകിക്കൊണ്ടിരിക്കുന്ന ഉഭയജീവിയാണെന്ന് വളരെ പെട്ടെന്ന് തന്നെ കൊറോണവൈറസിന് ബോദ്ധ്യപ്പെട്ടെന്നാണ് പുതിയ വിവരം. 1964ലാണ് ഈ സവിശേഷജീവി ഉടലെടുത്തതെങ്കിലും എഴുപതുകളുടെ പകുതി തൊട്ടാണ് പെറ്റ് പെരുകിത്തുടങ്ങിയത്. പിളരുന്തോറും വളരുന്ന പ്രതിഭാസം എന്ന് ഏതോ ഒരു ഘട്ടത്തിൽ, ആദ്യത്തെ പിളർപ്പിന് ചുക്കാൻ പിടിച്ച കെ.എം. മാണിസാർ ന്യായീകരിച്ചിട്ടുണ്ട്. ഇപ്പോൾ നിലവിൽ ഒമ്പതോ പത്തോ എണ്ണം പല രൂപത്തിൽ അവിടവിടെയായി കറങ്ങി നടപ്പുണ്ട്. അരിവാൾഗ്രൂപ്പിലും കൈപ്പത്തി ഗ്രൂപ്പിലും താമരത്തണ്ടിലും ഇവന്മാരുടെ ഏതെങ്കിലുമൊക്കെ രൂപങ്ങൾ അടയിരിപ്പുണ്ട്. അവരവിടെ ഇരുന്നാലെന്തോ ചൈതന്യം കിട്ടുമെന്ന ചിന്ത ഈ ഇടത്, വലത് ഗ്രൂപ്പുകൾക്കുള്ള കാലത്തോളം സൂക്ഷ്മജീവിവ്യാപനം തുടർന്നുകൊണ്ടേയിരിക്കുമെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കുഞ്ഞന്മാരാണെങ്കിലും കൂട്ടത്തിൽ ചിലരുടെ വീര്യം കൂടുതലാണെന്ന് കോടിയേരി സഖാവ് തൊട്ട് വിജയരാഘവൻ സഖാവ് വരെയുള്ളവരുടെ വാക്കുകളിൽ നിന്ന് പലരും ഊഹിച്ചെടുക്കുന്നുണ്ട്. കെ.സുരേന്ദ്രൻജി പോലും ആ വീര്യത്തെ തിരിച്ചറിഞ്ഞ മട്ടിലാണ് സംസാരിക്കുന്നത്.

കാള പെറ്റെന്ന് കേട്ടയുടനേ പാല് കറക്കാൻ ഓടരുത് എന്ന് ചെന്നിത്തല ഗാന്ധിയോട് ഉപദേശിച്ച പിണറായി സഖാവും ഒരു ദുർബലനിമിഷത്തിൽ പാല് കറക്കാനോടുന്ന മാനസികാവസ്ഥയിലേക്ക് പോയിട്ടുണ്ടോയെന്ന് സംശയിക്കുന്നവർ കുറവല്ല. ജോസ് കെ.മാണിയെ പുറത്താക്കിയോ ഇല്ലയോ എന്നതിൽ ഇനിയുമൊരു തീർപ്പിലേക്ക് ചെന്നിത്തലഗാന്ധിയോ മുല്ലപ്പള്ളി ഗാന്ധിയോ എന്തിനേറെപ്പറയുന്നു ബെന്നി ബെഹനാൻ ഗാന്ധി പോലുമോ എത്തിയിട്ടില്ല. അതിനായി ജോസ് കെ.മാണിയുടെ അന്തകനായ പുറപ്പുഴ ഔസേപ്പച്ചനോട് വെറ്റില ഹാജരാക്കാൻ ചെന്നിത്തല ഗാന്ധി രഹസ്യമായി നിർദ്ദേശിച്ചിരിക്കുകയാണ്. ആ വെറ്റില വച്ച് താംബൂലപ്രശ്നം നടത്തി വേണം, പുറത്താക്കിയോ അതോ മാറ്റിനിറുത്തിയോ എന്നതിൽ തീർപ്പ് കല്പിക്കാൻ.

താംബൂലപ്രശ്നത്തിന്റെ ആലോചനയിലേക്ക് പോലും കടക്കും മുമ്പാണ് ജോസ് കെ.മാണിയും കൂട്ടരും നിലപാടുള്ളവരാണെന്ന് പിണറായി സഖാവ് പറഞ്ഞത്. കോടിയേരി സഖാവിനാണെങ്കിൽ പറയാൻ വാക്കുകൾ കിട്ടുന്നില്ല. കാനം സഖാവിന് മാത്രമാണ് ആ വീര്യം ഉൾക്കൊള്ളാനുള്ള മാനസികാവസ്ഥ ഇല്ലാത്തത്. പാലായിൽ ഈ വീര്യം കണ്ടല്ലോയെന്ന് കാനം സഖാവ് പരിഹസിക്കുന്നത് കൊതിക്കെറുവ് കൊണ്ടാണോ എന്ന് കോടിയേരി സഖാവ് സംശയിച്ചാൽ അതിലും തെറ്റ് പറയാനാവില്ല. ഏതായാലും, ഇവനാള് തന്നേക്കാൾ ഭീകരനാണല്ലോ എന്ന ചിന്തയിലാണിപ്പോൾ കൊറോണവൈറസ്.

.......................................

- സത്യം പറഞ്ഞാൽ ജോസ് കെ.മാണിയെ ചെന്നിത്തലഗാന്ധിയും മുല്ലപ്പള്ളി ഗാന്ധിയും ഓ.സി ഗാന്ധിയും കുഞ്ഞാലിക്കുട്ടിസാഹിബും ചേർന്ന് ക്വാറന്റൈനിലാക്കിയതായിരുന്നു. 14 മുതൽ 28 ദിവസം വരെയുള്ള സമ്പർക്ക വിലക്കാണോ അതോ 90 ദിവസം വരെ വിലക്ക് നീളുമോ എന്നിപ്പോൾ പറയാറായിട്ടില്ല. മണിച്ചിത്രത്താഴ് സിനിമയിൽ ഗംഗയ്ക്ക് പകരം ശ്രീദേവിയെ മനോരോഗിയാക്കി ക്വാറന്റൈനിലാക്കിയ ഡോക്ടർ സണ്ണിയുടെ അടവാണോ ഇതെന്ന് ചിന്തിക്കുന്നവരുണ്ട്. അങ്ങനെ ചിന്തിക്കുന്നത് ന്യായമാണ്. കോട്ടയം ജില്ലാ പഞ്ചായത്തിൽ ഇനി കഷ്ടിച്ച് മൂന്നോ നാലോ മാസം കൂടിയേ പ്രസിഡന്റിന് ആ കസേരയിലിരിക്കാൻ പറ്റൂ. അതുകഴിഞ്ഞാൽ തിരഞ്ഞെടുപ്പാണ്. മൂന്ന് മാസത്തേക്ക് പുറപ്പുഴ ഔസേപ്പച്ചനെ സമാധാനിപ്പിച്ച് നിറുത്താനൊരു വഴി. ഔസേപ്പച്ചനെ നേരേ പിടിച്ച് ക്വാറന്റൈനിലാക്കിയാൽ സ്ഥിതി വയലന്റാകും. വളഞ്ഞ വഴിക്കൊരു ക്വാറന്റൈൻ പരീക്ഷണം. പുറപ്പുഴ ഔസേപ്പച്ചന് വേണ്ടി, ആരും സഞ്ചരിക്കാത്ത വഴിയിലൂടെ ഞാൻ സഞ്ചരിച്ചെന്നിരിക്കും എന്ന് ചെന്നിത്തല ഗാന്ധി സിനിമയിലെ ഡോക്ടർ സണ്ണിയെ പോലെ വികാരഭരിതനായി പറഞ്ഞത് കേട്ടവരുണ്ട്. ആ കേട്ടത് ശരിയാണെങ്കിൽ ഇപ്പോഴത്തെ ക്വാറന്റൈൻ നടപടി തീർത്തും ന്യായമാണ്.

ഇ-മെയിൽ: dronar.keralakaumudi@gmail.com