തിരുവനന്തപുരം: കൊവിഡ് ബാധ തടയുകയല്ല, യു.ഡി.എഫിനെ നശിപ്പിക്കുകയെന്ന ലക്ഷ്യമാണ് സർക്കാരിനുള്ളതെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. എന്നാൽ,​ സി.പി.എം വിചാരിച്ചാൽ യു.ഡി.എഫ് ശിഥിലമാകില്ലെന്നും മുഖ്യമന്ത്രിയുടെ ആറ് മണി തള്ളിൽ കൊവിഡ് കണക്കുകൾ കഴിഞ്ഞാൽ പിന്നെ പ്രതിപക്ഷത്തെ ചീത്ത പറച്ചിൽ മാത്രമാണുള്ളതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വിമർശിച്ചു. വേണ്ടത്ര പരിശോധനകൾ നടത്താത്തതിനാൽ സമ്പർക്ക വ്യാപനം തടയാനാകുന്നില്ല. പൊലീസുകാരന് കൊവിഡ് ബാധിച്ചത് സമരക്കാരിൽ നിന്നാണെന്ന പറഞ്ഞ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ഏത് സമരക്കാരിൽ നിന്നാണെന്ന് കൂടി വ്യക്തമാക്കണം. സി.പി.എം സെക്രട്ടേറിയറ്റ് യോഗം ചേർന്നിട്ട് കൊവിഡ് വ്യാപനം തടയാനുള്ള ഒരു ചർച്ചയും നടന്നില്ല. ഡ്രീം കേരള പ്രോജക്ട് നടപ്പാക്കുന്നതിന് മുമ്പ് പ്രവാസി സംഘടനകളുമായി ചർച്ച നടത്തണമെന്നും മുരളീധരൻ പറഞ്ഞു.