venjaramoodu

വെഞ്ഞാറമൂട്: നെല്ലനാട് പഞ്ചായത്തിലെ മുക്കുന്നൂർ വാർഡിൽ 100 വർഷത്തിലേറെ പഴക്കമുള്ള മുക്കുന്നൂർ പറയരുകോണം കുളം പഞ്ചായത്തിന്റെ അനാസ്ഥ കാരണം ഉപയോഗശൂന്യമാകുന്നു. കഠിനമായ വേനൽക്കാലത്തും ഈ കുളത്തിലെ ജലം വറ്റിയിരുന്നതായി ഓർമ്മയില്ലെന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു.

1953ൽ പഞ്ചായത്ത് ഭരണം ആരംഭിച്ച കാലത്ത് വാമനപുരം പഞ്ചായത്തിന്റെ ഭാഗമായിരുന്ന കോട്ടുകുന്നം വാർഡിലായിരുന്നു ഈ ശുദ്ധജല സ്രോതസ്. കാർഷിക ആവശ്യത്തിലേക്ക് വർഷങ്ങൾക്ക് ശേഷം നെല്ലനാട് പഞ്ചായത്ത് ഈ കുളത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടത്തുകയും പമ്പ് സെറ്റ് സ്ഥാപിക്കുകയും ചെയ്തു. പ്രവർത്തന രഹിതമായ പമ്പ് സെറ്റ് ഇപ്പാൾ കാണാനില്ല. ഇഴജന്തുക്കളുടെയും തെരുവ് നായ്ക്കളുടെയും ആവാസ കേന്ദ്രമായി ഇവിടം മാറിയിരിക്കുന്നു. മുരൂർക്കോണത്തിനും മുക്കുന്നൂർ കോളനിക്കും സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ ശുദ്ധജല സ്രോതസിലെ ജലമാണ് സമീപവാസികൾ വേനൽക്കാലത്ത് ഉപയോഗിക്കുന്നത്.

ശുദ്ധജല വിതരണത്തിനുള്ള പെെപ്പ് ലെെൻ ഈ പ്രദേശത്ത് ഇല്ലാത്തതുകാരണം വേനൽക്കാലത്ത് പ്രദേശവാസികളുടെ ഏക ആശ്രയമായ ഈ ശുദ്ധജല സ്രോതസ് സംരക്ഷിക്കാൻ നെല്ലനാട് പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.