കല്ലമ്പലം: വർദ്ധിച്ചുവരുന്ന റോഡപകടങ്ങളും, ഗതാഗത നിയമലംഘനങ്ങളും, സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും കണക്കിലെടുത്ത് കല്ലമ്പലം മേഖലയിൽ രണ്ടര വർഷം മുൻപ് 13 ലക്ഷം രൂപയോളം മുടക്കി സ്ഥാപിച്ച നിരീക്ഷണ കാമറകളിൽ ഭൂരിഭാഗവും പ്രവർത്തന രഹിതമായിട്ട് മാസങ്ങൾ കഴിഞ്ഞു.
ദേശീയപാതയുൾപ്പെടെ പ്രധാന റോഡുകളെല്ലാം കാമറയുടെ നിരീക്ഷണത്തിലായിരുന്നു. നാലരക്കിലോമീറ്റർ ചുറ്റളവിലെ ദൃശ്യങ്ങൾ പകർത്തുന്നതിനായി മുപ്പതു കാമറകളാണ് സ്ഥാപിച്ചിരുന്നത്. ഇതിൽ ഇപ്പോൾ പ്രവർത്തിക്കുന്നത് ഒന്നോ രണ്ടോ മാത്രമാണ്. ലഹരി മാഫിയകളുടെയും ഗുണ്ടാ ആക്രമണങ്ങളുടെയും പിടിയിലായ കല്ലമ്പലം ദേശീയപാതയുടെ വിവിധ ഭാഗങ്ങളെ നിയന്ത്രിക്കുന്നതിനായി പൊലീസിന്റെ ജനസമ്പർക്ക പരിപാടിയായ കാമറ സ്ഥാപിക്കൽ റസിഡന്റ്സ് അസോസിയേഷനുകൾ, വ്യാപാരികൾ, ആട്ടോ - ടാക്സി ഡ്രൈവർമാർ, വിവിധ തൊഴിലാളി യൂണിയനുകൾ ഉൽപ്പെടെയുള്ള സാമൂഹിക സാംസ്കാരിക സംഘടനകൾ സംയുക്തമായി ചേർന്ന ജനകീയ സമിതി ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് നിരവധി കേസുകൾക്ക് തുമ്പുണ്ടാക്കാൻ കാമറയുടെ സഹായത്തോടെ പൊലീസിന് കഴിഞ്ഞു. കാമറകളുടെ നിയന്ത്രണം വെബ്സൈറ്റിലൂടെ നിയന്ത്രിക്കാൻ കഴിയുന്ന രീതിയിലായിരുന്നു.
കല്ലമ്പലം മേഖലയിൽ കാമറ നിരീക്ഷണം ആരംഭിച്ചതോടെ വാഹനാപകടത്തിന്റെ എണ്ണം ഗണ്യമായി കുറയുകയും അക്രമപ്രവർത്തനങ്ങളും സാമൂഹിക വിരുദ്ധശല്യവും അവസാനിക്കുകയും ചെയ്തിരുന്നു. മുമ്പ് കല്ലമ്പലത്തെ ഞെട്ടിച്ച കവർച്ചാ കേസ് വേഗത്തിൽ കണ്ടുപിടിക്കുന്നതിന് പൊലീസിനെ സഹായിച്ചതും സി.സി ടിവി ആയിരുന്നു. കല്ലമ്പലം വ്യാപാരി വ്യവസായി ഏകോപന സമിതിയും ജനകീയ സമിതിയും സംയുക്തമായാണ് ഇതിന്റെ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നത്. കാമറകൾ സോളാർ സംവിധാനത്തിന് കീഴിലാക്കാൻ കല്ലമ്പലം ജനകീയസമിതി മുൻപ് തീരുമാനിച്ചെങ്കിലും നടപ്പാക്കിയില്ല. നാവായിക്കുളം തട്ടുപാലം മുതൽ കടുവാപ്പള്ളി ജംഗ്ഷൻ വരെയും പുല്ലൂർമുക്ക് മുതൽ മാവിൻമൂട് വരെയും 2017 ഡിസംബർ മാസത്തിലാണ് സി.സി ടിവി കാമറകൾ സ്ഥാപിച്ചത്. കാമറകൾ കണ്ണടച്ചതോടെ കല്ലമ്പലത്ത് കവർച്ചയും, അക്രമങ്ങളും, സാമൂഹ്യ വിരുദ്ധ ശല്യവും വർദ്ധിക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.