modi-1

അതിർത്തി സംഘർഷം പുകഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി ലഡാക്കിൽ ചൈനീസ് അതിർത്തിക്കടുത്തുള്ള നിമുവിലെ സൈനിക ക്യാമ്പിൽ നടത്തിയ സന്ദർശനം നിരവധി കാരണങ്ങളാൽ അത്യധികം ശ്രദ്ധേയമായി. മലനിരകളിൽ പ്രകൃതിയോടും ശത്രുരാജ്യങ്ങളോടും മുഖാമുഖം നിന്നുകൊണ്ട് രാജ്യത്തിന്റെ സ്വാതന്ത്ര്യവും അഭിമാനവും കാക്കുന്ന സേനാംഗങ്ങളുടെ ആത്മവീര്യം മാനത്തോളം ഉയർത്താൻ ഇതുപോലുള്ള സന്ദർശനം പര്യാപ്തമാകുമെന്നത് നിസ്തർക്കമാണ്. അതുമാത്രമല്ല ശത്രുരാജ്യത്തിനു മുമ്പിൽ ദുർബലരാകുന്നു എന്ന ആക്ഷേപത്തിനുള്ള ചുട്ട മറുപടി കൂടിയാണിത്. സമാധാനത്തിനു വേണ്ടി ചെയ്യുന്ന ചില വിട്ടുവീഴ്ചകൾ കഴിവുകേടായി കാണുന്നവർ ഉണ്ടാകാം. എന്നാൽ അവസരം വരുമ്പോൾ കരുത്തു പുറത്തെടുക്കാനും ശത്രുവിനെ പിന്തിരിപ്പിക്കാനും നമ്മുടെ രണശൂരന്മാരായ സേനാവിഭാഗങ്ങൾ ആരുടെയും പിന്നിലല്ലെന്ന് തെളിയിച്ചിട്ടുള്ളതാണ്. ആരോഗ്യമുള്ള സാധാരണക്കാരെപ്പോലും പരീക്ഷിക്കുന്ന കാലാവസ്ഥയുള്ള ലഡാക്ക് മലനിരകളിൽ സൈനികരെ ദീർഘനേരം അഭിസംബോധന ചെയ്ത പ്രധാനമന്ത്രി സ്വന്തം കരുത്തു മാത്രമല്ല, രാജ്യത്തിന്റെ മുഴുവൻ കരുത്താണ് പുറത്തെടുത്തത്. മാതൃഭൂമിയുടെ മാനം രക്ഷിക്കാൻ കാവൽ നിൽക്കുന്ന ധീരജവാന്മാർക്കൊപ്പം നൂറ്റിമുപ്പത്തഞ്ചുകോടി ജനങ്ങളെയും ആവേശം കൊള്ളിക്കുന്നതായി അദ്ദേഹത്തിന്റെ വാക്കുകൾ. ഇന്ത്യയോടു മാത്രമല്ല മറ്റ് അയൽ രാജ്യങ്ങളോടും എതിരിടലിന്റെ നയം പിന്തുടരുന്ന ചൈനയ്ക്ക് അസന്ദിഗ്ദ്ധമായ മുന്നറിയിപ്പു നൽകാൻ കൂടി ഉദ്ദേശിച്ചുള്ളതായിരുന്നു അളന്നു തൂക്കിയുള്ള മോദിയുടെ ഓരോ വാക്കും. ദുർബലർക്ക് സമാധാനത്തിനായി മുൻകൈയെടുക്കാനാവില്ലെന്നും ധീരപ്രവൃത്തിയിലൂടെ വേണം അതു കാട്ടിക്കൊടുക്കേണ്ടതെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പരാമർശങ്ങൾ ചിന്തോദ്ദീപകമാണ്. ഓടക്കുഴൽ വായിക്കുന്ന ശ്രീകൃഷ്ണനെ ആരാധിക്കുന്ന ഇന്ത്യക്കാർ തന്നെയാണ് പ്രതിസന്ധി ഘട്ടങ്ങളിൽ സുദർശന ധാരിയായ കൃഷ്ണനിൽ ആശ്രയം തേടുന്നതെന്ന വസ്തുത മറക്കരുതെന്ന അദ്ദേഹത്തിന്റെ വാക്കുകൾക്ക് വലിയ അർത്ഥതലങ്ങളുണ്ട്.

പിടിച്ചടക്കി അതിർത്തി വികസനം എന്ന പഴയകാല സാമ്രാജ്യത്വ സമീപനത്തിന് ഇന്ന് ഒരു പ്രസക്തിയുമില്ലെന്ന മോദിയുടെ പരാമർശം ചൈനയെ ഉദ്ദേശിച്ചു തന്നെയാണ്. ചൈനയെ പേരെടുത്തു പറയാൻ പ്രധാനമന്ത്രി ധൈര്യപ്പെട്ടില്ലെന്ന ആക്ഷേപം രാജ്യത്തെ പ്രതിപക്ഷ കേന്ദ്രങ്ങളിൽ നിന്ന് ഉടനെ ഉണ്ടായെങ്കിലും പേരെടുത്തു പറഞ്ഞ് അന്തരീക്ഷം കൂടുതൽ വഷളാക്കുന്ന രീതി നയതന്ത്രജ്ഞതയ്ക്കു വിരുദ്ധമാണെന്ന കാര്യം അവർ ഓർത്തിരിക്കില്ല. ഒരേസമയം രാജ്യം രണ്ട് ശത്രുരാജ്യങ്ങളുടെ ഭീഷണി നേരിടുമ്പോൾ അപക്വമായ നിലപാടെടുത്ത് സർക്കാരിനെ ആക്രമിക്കാൻ ശ്രമിക്കുകയല്ല വേണ്ടത്. രാഷ്ട്രീയം മാറ്റിവച്ച് ഒറ്റക്കെട്ടായി നിന്ന് പ്രതിരോധ യജ്ഞങ്ങളിൽ കലവറയില്ലാത്ത പിന്തുണ നൽകുകയെന്നതാണ് ധർമ്മം.

കഴിഞ്ഞ മാസം പതിനഞ്ചിന് ഗാൽവൻ താഴ്‌വരയിൽ ചൈനീസ് ഭടന്മാരുടെ കടന്നുകയറ്റത്തെ ചെറുക്കാൻ ശ്രമിക്കുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലിൽ പരിക്കേറ്റ് സേനാ ആശുപത്രിയിൽ കഴിയുന്ന സേനാംഗങ്ങളെ പ്രധാനമന്ത്രി സന്ദർശിക്കുകയും സുഖവിവരങ്ങൾ തേടുകയും ചെയ്തു. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത്, കരസേനാ മേധാവി ജനറൽ എം.എം. നരവണെയ്ക്കും ഒപ്പം മുന്നറിയിപ്പുകൾ ഒന്നുമില്ലാതെയാണ് പ്രധാനമന്ത്രി ലഡാക്ക് സന്ദർശനത്തിനെത്തിയത്. പർവതനിരകളിൽ സേവനമനുഷ്ഠിക്കുന്ന സേനാംഗങ്ങളിൽ ആവേശവും കരുത്തും പകരുന്നതിനൊപ്പം അതിർത്തിക്കപ്പുറത്തേക്ക് വലിയൊരു സന്ദേശം എത്തിക്കാൻ കൂടി പ്രധാനമന്ത്രിയുടെ ഈ സന്ദർശനം ഉപകരിച്ചു എന്നത് വാസ്തവമാണ്. അതിർത്തിയിൽ ചൈന സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന പ്രകോപനങ്ങളും സേനാവിന്യാസവും കണ്ട് ഒരുതരത്തിലും ഇന്ത്യ ഭയപ്പെടാൻ പോകുന്നില്ലെന്ന് അവരെ വ്യക്തമായി ബോദ്ധ്യപ്പെടുത്താൻ ഇതിലൂടെ സാദ്ധ്യമായിട്ടുണ്ട്. കഴിഞ്ഞ മാസമുണ്ടായ ഏറ്റുമുട്ടലിൽ വീരചരമം പ്രാപിച്ച ഇരുപതു ഇന്ത്യൻ ഭടന്മാരുടെ ഫോട്ടോകൾക്കു മുമ്പിൽ പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിക്കുകയുണ്ടായി. സംഘർഷത്തിൽ തങ്ങളുടെ ഭാഗത്ത് എത്ര ഭടന്മാർക്കു ജീവഹാനിയുണ്ടായി എന്ന വിവരം പോലും ചൈന ഇതുവരെ പരസ്യമാക്കിയിട്ടില്ല. മരണമടഞ്ഞവരുടെ പേരുവിവരവും ഗോപ്യമായി വച്ചിരിക്കുകയാണ്. ആചാരപരമായ അവകാശങ്ങൾ പോലും നിഷേധിക്കപ്പെട്ട് 'അജ്ഞാത" ഭടന്മാരായി ചരിത്രത്തിൽ ഒരു ഇടവുമില്ലാതെ കഴിയേണ്ടിവരുന്ന അസംഖ്യം ചൈനീസ് ഭടന്മാരുടെ കൂട്ടത്തിൽ ഇനി അവരുമുണ്ടാകും.

പതിനോരായിരം അടി ഉയരത്തിൽ അതീവ ദുർഘടമായ നിമുവിലെ സേനാ താവളത്തിലെ പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് ഉടനടി ചൈനയിൽ നിന്ന് പ്രതികരണം ഉണ്ടായത് ശ്രദ്ധേയമാണ്. അതിർത്തി സംഘർഷം ഗുരുതരമാക്കുന്ന വിധത്തിലുള്ള നീക്കങ്ങളിൽ നിന്ന് പിന്തിരിയണമെന്ന ചൈനീസ് നേതാക്കളുടെ പ്രസ്താവന മോദിയുടെ സന്ദർശനം അവരെ എത്രമാത്രം അലോസരപ്പെടുത്തി എന്നതിനു തെളിവാണ്. കമാൻഡർ തല ചർച്ചയിൽ ധാരണയിലെത്തിയിട്ടും മുൻ സ്ഥാനങ്ങളിലേക്ക് പൂർണമായും പിൻവാങ്ങാൻ ഇപ്പോഴും മടികാണിക്കുന്ന ചൈനയ്ക്ക് സുധീരമായ നിലപാടിലൂടെ ഇന്ത്യ നൽകുന്ന ശക്തമായ മുന്നറിയിപ്പു കൂടിയാണിത്. ഇന്ത്യയുടെ സേനാബലത്തെക്കുറിച്ചും വൈദഗ്ദ്ധ്യത്തെക്കുറിച്ചും ഒട്ടും സംശയം വേണ്ടെന്നു ബോദ്ധ്യപ്പെടുത്താനും പർവതമുകളിലെ ഈ സന്ദർശനത്തിലൂടെ പ്രധാനമന്ത്രിക്കു കഴിഞ്ഞിട്ടുണ്ട്. സത്യത്തിന്റെ പക്ഷത്തു നിൽക്കുമ്പോൾത്തന്നെ, ആയുധമെടുക്കേണ്ട ഘട്ടം വരുമ്പോൾ ഏറ്റവും സമർത്ഥമായി അതു പ്രയോഗിക്കാനും നമുക്കാകുമെന്നതിന് മുൻ അനുഭവങ്ങൾ ഏറെയുണ്ട്. സൈനികമായി മാത്രമല്ല സാദ്ധ്യമായ മറ്റു രീതികളിലും ചൈനീസ് പ്രഭാവത്തെ ശോഷിപ്പിക്കാനാവുമെന്ന് ബോദ്ധ്യമാക്കുന്ന നടപടികൾ സാമ്പത്തിക രംഗത്ത് സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ചൈനീസ് കമ്പനികളുമായുള്ള വലിയ കരാറുകളിൽ നിന്നു പിന്തിരിഞ്ഞതും ഡിജിറ്റൽ സ്ട്രൈക്കുമൊക്കെ അതിന്റെ ഭാഗമാണ്. എല്ലാ മേഖലകളിലും സ്വാശ്രയത്വമെന്ന ആശയം നടപ്പാക്കാനുള്ള അപൂർവാവസരം കൂടിയാണ് വന്നുചേർന്നിരിക്കുന്നത്. അതിർത്തികളിൽ ശത്രുവിനെതിരെ പ്രതിരോധം ശക്തമാക്കുന്നതിനൊപ്പം രാജ്യത്തിന്റെ വികസനവും പുരോഗതിയും ദ്രുതഗതിയിലാക്കാൻ സഹായിക്കുന്ന നയപരിപാടികൾ കൂടി ഏറ്റെടുക്കേണ്ടതുണ്ട്.

അതിർത്തി സംഘർഷത്തിൽ ചൈനയുടെ ചട്ടമ്പിത്തരം പ്രമുഖ രാജ്യങ്ങൾക്കെല്ലാം ബോദ്ധ്യമായിട്ടുള്ളതാണ്. അമേരിക്ക, ജപ്പാൻ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തുന്ന ഇന്ത്യ അത് കൂടുതൽ ശക്തിപ്പെടുത്താൻ ശ്രമിക്കണം. എന്നും സമാധാനം കാംക്ഷിക്കുന്ന ഇന്ത്യ ഒരിക്കലും അന്യന്റെ ഭൂപ്രദേശങ്ങൾ വെട്ടിപ്പിടിക്കാൻ തുനിയുകയില്ലെന്ന് പരക്കെ അറിയാം . അതേസമയം തന്നെ ഇങ്ങോട്ടുവന്ന് മെക്കിട്ടു കയറാൻ തുനിഞ്ഞാൽ നേരിടാനുള്ള ശക്തിയുമുണ്ട്. പ്രധാനമന്ത്രിയുടെ ലഡാക്ക് സന്ദർശനം ലോക രാജ്യങ്ങൾ കൗതുകപൂർവം വീക്ഷിച്ചതിനു പിന്നിലും ഈ സത്യമുണ്ട്.