s

തിരുവനന്തപുരം: ശംഖുംമുഖത്തെ എന്റർടെയ്മെന്റ് ഹബ്ബ് ആക്കി മാറ്റുന്ന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടക്കുന്നത്. 7300 സ്‌ക്വയർ മീറ്റർ ദൂരമാണ് വികസിപ്പിക്കുന്നത്. പ്രവേശന കവാടം,​ സാഗര കന്യകാ ശില്പ പരിസരം,​ സൈക്കിൾ ട്രാക്ക്,​ പുൽത്തകിടി,​ ഇരുചക്ര വാഹനങ്ങൾക്കും കാറുകൾക്കുമുള്ള പാർക്കിംഗ് കേന്ദ്രം,​ എന്നിവയാണ് വികസന പദ്ധതികൾ.

 പ്രവേശന കവാടവും അർബൻ പ്ലാസയും

പദ്ധതിയുടെ ആദ്യഭാഗത്തിനു നൽകിയിരിക്കുന്ന പേരാണിത്. പ്രവേശന കവാടം പദ്ധതി പ്രദേശത്തിന്റെ മദ്ധ്യത്തായി നിർമ്മിക്കും. അവിടെ നിന്നു മറ്റിടങ്ങളിലേക്കെല്ലാം പോകാൻ കഴിയും. അകത്ത് സമ്മേളന സ്ഥലം ഉണ്ടാകും.

മതിലുകളെല്ലാം പച്ചപ്പ് നിറച്ചതായിരിക്കും. ചെടികളും പൂക്കളും വച്ചുപിടിപ്പിക്കും. 12 മീറ്റർ വീതിയിലാണ് സൈക്കിൾ ട്രാക്ക് നിർമ്മിക്കുക.

 ട്രാഫിക് റിക്രിയേഷൻ ക്ളബ്

ട്രാഫിക് ഗാർഡൻ,​ പാർക്കിംഗ് ഏരിയ, പുൽത്തകിടി,​ നടപ്പാത, ടോയ്‌‌ലെറ്റ് ബ്ലോക്ക്,​ പാർക്കിംഗ് ഏരിയായിൽ 100 ഇരുചക്ര വാഹനങ്ങൾക്കും അത്രയും നാലുചക്ര വാഹനങ്ങൾക്കും പാർക്ക് ചെയ്യാൻ കഴിയും. സുനാമി പാർക്കാണ് ഇതിനായി സജ്ജമാക്കുന്നത്.

 കൾച്ചറൽ ഹബ്ബ്

300 സ്‌ക്വയർ മീറ്ററിൽ നിർമ്മിക്കുന്ന ആംഫി തിയേറ്ററാണ് കൾച്ചറൽ ക്ളബിന്റെ പ്രധാന ആകർഷണം. 150 മുതൽ 200 പേർക്ക് ഇരിക്കാം. കൂടാതെ അമ്യൂസ്‌മെന്റ് പാർക്കും ഉണ്ടാകും. കളി ട്രെയിനുകളും ജെയിന്റ് വീലും ഇവിടെയുണ്ടാകും. ഇവിടെയും പാർക്കിംഗ് സൗകര്യവും ടോയ്ലെറ്റുകളും നടപ്പാതയും ഉണ്ടാകും. പുൽത്തകിടിയില്ലാത്തിടത്ത് റഫ് കട്ട് ഗ്രാനൈറ്റ്,​ കോൺക്രീറ്റ് പാവർ (ഇന്റർലോക്ക്), ചതുരത്തിൽ വെട്ടിയൊരുക്കിയ കരിങ്കല്ല് എന്നിവ കൊണ്ടാണ് തറ നിർമ്മിക്കുക. മെക്‌സിക്കൻ, ക്രാബ് വിഭാഗം പല്ലുകൾ കൊണ്ടാണ് പുൽത്തകിടി നിർമ്മിക്കുക. കാഞ്ഞിരം, കൊന്ന, ബോഗൻവില്ല, ആശോകം തുടങ്ങിയ വൃക്ഷത്തൈകൾ ഇവിടെ വച്ചുപിടിപ്പിക്കും.

 പദ്ധതിക്കായി തുക അനുവദിച്ചത്

പ്രവേശന കവാടവും അർബൻ പ്ലാസയും- 4.62 കോടി രൂപ

ട്രാഫിക് റിക്രിയേഷൻ ക്ളബ്- 4.99 കോടി രൂപ

കൾച്ചറൽ ഹബ്ബ്- 4.99 കോടി രൂപ

 നഷ്ടമായ പായ്‌ക്കപ്പൽ

ശംഖുംമുഖം നവീകരണ പദ്ധതിയുടെ മാസ്റ്റർ പ്ളാനിൽ കടൽതീരത്ത് ഒരു പായ്‌ക്കപ്പൽ നിർമ്മിക്കുമെന്നുണ്ടായിരുന്നു.

തീരത്തോടു ചേർത്ത് നിർമ്മിക്കേണ്ടതിനാൽ അതിന് തുറമുഖ വകുപ്പിന്റെ അനുവാദം ലഭിച്ചില്ല. പകരമെന്ന നിലയ്ക്കാണ് ഹെലികോപ്ടർ സ്ഥാപിക്കുന്നത്. തീരത്തോടു ചേർന്ന് തകരാത്ത രീതിയിലുള്ള ഭിത്തിയും പടിക്കെട്ടും നിർമ്മിക്കുന്ന പദ്ധതിയും ഉപേക്ഷിച്ചു. ആദ്യം തീരത്തു നിന്നും 20 മീറ്റർ മാറിയാണ് നിർമ്മാണം നടത്താൻ പദ്ധതി തയ്യാറാക്കിയത്. പിന്നീടത് 50 മീറ്റർ മാറുന്ന രീതിയിലേക്ക് ആക്കി.

ശംഖുംമുഖത്തിന്റെ പച്ചപ്പിന് ഭംഗം

വരുത്തില്ല: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ശംഖുംമുഖം തീരത്ത് സാഗര കന്യകാ ശില്പത്തിന്റെ സമീപത്തായി ഹെലികോപ്ടർ സ്ഥാപിക്കുന്നതിനെക്കുറിച്ച് ശില്പി കാനായി കുഞ്ഞിരാമന്റെ വിമർശനം അതിന്റെ ഗൗരവത്തോടെ ഉൾക്കൊള്ളുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. പച്ചപ്പ് സംരക്ഷിക്കുമെന്നും ശില്പഭംഗിക്ക് കോട്ടം വരുത്തില്ലെന്നും കടകംപള്ളി പറഞ്ഞു. ശംഖുംമുഖത്തെ സാഗര കന്യക ശില്പത്തിനടുത്ത് ഹെലികോപ്ടർ കൊണ്ടുവച്ചത് വിഡ്ഢിത്തവും സാംസ്‌കാരിക കേരളത്തിന് നാണക്കേടുണ്ടാക്കുന്നതുമാണെന്ന് കാനായി കുഞ്ഞിരാമൻ വിമർശിച്ചിരുന്നു. പാർക്കിന്റെ പച്ചപ്പ് സംരക്ഷിക്കാൻ മന്ത്രി ഇടപെടണമെന്നും അദ്ദേഹം ' കേരളകൗമുദി ' യിലൂടെ ആവശ്യപ്പെട്ടിരുന്നു.