veed
ആലച്ചക്കോണം വാർഡിലെ അഭിനയുടെയും അഭിനവിന്റേയും തകർന്നുവീഴാറായ വീട്.

കാട്ടാക്കട: ഓൺലെെൻ പഠനത്തിന് സൗകര്യമില്ലെന്നറിഞ്ഞാണ് അഭിനയുടെയും അഭിനവിന്റെയും വീട്ടിലേക്ക് പൂഴനാട് നീരാഴികോണം ഭാവന ഗ്രന്ഥശാല പ്രവർത്തകർ എത്തുന്നത്. മുത്തച്ഛന്റെയും മാനസിക രോഗിയായ അമ്മയുടെയും തണലിൽ കഴിയുന്ന കുട്ടികളുടെ ജീവിതം ഇതോടെയാണ് പുറംലോകം അറിയുന്നത്. ഒറ്റശേഖരമംഗലം പഞ്ചായത്തിലെ ആലച്ചക്കോണത്ത് ഏതു നിമിഷവും നിലംപതിക്കാവുന്ന വീട്ടിലാണ് പൂഴനാട് ഗവ. എൽ.പി.എസിൽ ഒന്നിലും രണ്ടിലും പഠിക്കുന്ന സഹോദരങ്ങളുടെ ജീവിതം. അന്നന്നുള്ള അന്നത്തിനു പോലും നിവൃത്തിയില്ലാത്ത കുടുംബം പല ദിവസങ്ങളിലും പട്ടിണിയിലാണ്. പഞ്ചായത്തിൽ നിന്ന് വീട് ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ചിരുന്നെങ്കിലും കരം തീർത്ത രസീതോ പ്രമാണമോ ഉൾപ്പെടെയുള്ള രേഖകൾ കൈവശമില്ലാത്തത് തിരിച്ചടിയായി. രേഖകൾ കണ്ടെത്തുംവരെ കാത്തിരുന്നാൽ വലിയ ദുരന്തത്തിലേക്ക് നയിച്ചേക്കാമെന്ന തിരിച്ചറിവിൽ നിന്നാണ് പഞ്ചായത്ത് അംഗത്തിന്റെയും സുമനസുകളുടെയും സഹായത്തോടെ വീട് നിർമ്മിക്കാനുള്ള ശ്രമങ്ങൾ ഭാവന പ്രവർത്തകർ ആരംഭിച്ചത്. കൂടാതെ മാതാവിന് അടിയന്തര ചികിത്സ ലഭ്യമാക്കാനും കുട്ടികളെ സുരക്ഷ ഉറപ്പാക്കി ബന്ധുവീട്ടിലെക്ക് മാറ്റാനും വാർഡ് മെമ്പർ ചെറുപുഷ്പത്തിനും ഭാവന പ്രവർത്തകർക്കും കഴിഞ്ഞു. അടച്ചുറപ്പുള്ള ഒരു വീട് നൽകാനുള്ള ശ്രമകരമായ ദൗത്യത്തിലാണ് ഭാവന ഗ്രന്ഥശാല പ്രവർത്തകർ. പ്രവർത്തകർ. ഫോൺ: 9847734561, 949702 2280.