venjaramoodu

വെഞ്ഞാറമൂട്: വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ കൃഷിഭവനുമായി ബന്ധപ്പെട്ട് നടപ്പിലാക്കിയ കാർഷിക പദ്ധതിയായ ഫാമിലി ട്രിപ്പ് ഇറിഗേഷൻ പ്രോജക്ട് പരാജയമെന്ന് ആരോപണം. ഒരു കർഷകന് 50 ഗ്രോ ബാഗുകളും കോട്ടഡിംഗ് മിക്ചറും തെെകളും സെൻസറും ട്രിപ് ഇറിഗേഷൻ സാധനങ്ങളും കൃഷിയിടത്തിൽ സ്ഥാപിച്ചു തരും എന്ന കരാറിന്റെ അടിസ്ഥാനത്തിൽ ഒരു കർഷകന് 10,000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കിയത്. ഇതിന് വേണ്ടി ഓരോ കർഷകനും 2500 രൂപ കൃഷി ഭവനിൽ അടച്ചിട്ടുണ്ട്. ബാക്കി വരുന്ന 7500 രൂപ സബ്സിഡി ഇനത്തിൽ കർഷകന് ലഭ്യമാകും.

എന്നാൽ ഗ്രോ ബാഗും കോട്ടിംഗ് മിക്ചറും തെെകളും മാത്രമാണ് കർഷകർക്ക് നൽകിയിട്ടുള്ളത്. ഗ്രോ ബാഗും തെെകളും ഗുണനിലവാരം കുറഞ്ഞതാണെന്നും കർഷകർ ആരോപിക്കുന്നു. കൃഷിയിടത്തിൽ ഇറിഗേഷൻ പ്രോജക്ട് നടപ്പിലാക്കാത്തതിനാൽ ചെടികൾ നശിച്ച് തുടങ്ങി. വാമനപുരം ബ്ലോക്ക് പഞ്ചായത്തിലെ കാർഷിക പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായി ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം നെല്ലനാട് ശശി പറഞ്ഞു.