p

കടയ്ക്കാവൂർ: സ്വന്തം പുരയിടത്തിലുളള പാലം സാമൂഹ്യവിരുദ്ധർ എടുത്തുമാറ്റിയതിൽ മനം നൊന്ത് കഴിയുകയാണ് കടയ്ക്കാവൂർ കല്ലിതോട്ടം വീട്ടിൽ ഒറ്റയ്ക്ക് താമസിക്കുന്ന 74 കാരിയായ കമലമ്മ. അന്തിയുറങ്ങാൻ മരിച്ചുപോയ മകൻ സുനിൽകുമാറിന്റെ വീട്ടിലേക്കു പോകും. അവിടെ മകന്റെ ഭാര്യ മിനിയും പ്രായപൂർത്തിയാകാത്ത രണ്ട് മക്കളുമാണുള്ളത്. ഇവരുടെയും തന്റെയും സുരക്ഷയ്ക്കു കൂടിയാണ് കമലമ്മ മകന്റെ വീട്ടിൽ അന്തിയുറങ്ങാനെത്തുന്നത്. പഞ്ചായത്ത് വക തോട് കടന്നുവേണം മകന്റെ വീട്ടിലെത്താൻ. കമലമ്മയുടെയും മകന്റെയും പുരയിടങ്ങൾ ബന്ധിപ്പിച്ച് പതിന്നാലു വർഷത്തോളമായി തോടിനു കുറുകെ തെങ്ങിൻതടി മുറിച്ചിട്ട് ഒരു പാലമുണ്ടാക്കി അതിലൂടെയാണ് ഇവർ മകന്റെ വീട്ടിലേക്കു പോകുന്നത്. തോട് മുറിച്ച് കടക്കാതെ മകന്റെ വീട്ടിലെത്താൻ മൂന്നു കിലോമീറ്ററിലധികം ചുറ്റിക്കറങ്ങേണ്ടിവരും. അടുത്ത കാലത്തായി ഈ പ്രദേശത്ത് സാമൂഹ്യവിരുദ്ധശല്യം രൂക്ഷമായി. ചിലർ ഈ പാലത്തിലൂടെ സഞ്ചാരം തുടങ്ങിയത് കമലമ്മയ്ക്കും കുടുംബത്തിനും ശല്യമായി മാറിയതോടെ ഇതിലൂടെയുള്ള യാത്ര കമലമ്മ വിലക്കി. ഇതിൽ കലിപൂണ്ട അക്രമികൾ പാലം എടുത്തുമാറ്റി കമലമ്മയുടെ വഴിമുടക്കി. ഈ കൊവിഡ് കാലത്ത് മകന്റെ വീട്ടിൽ അന്തിയുറങ്ങാനെത്താൻ കഴിയാതെ ബുദ്ധിമുട്ടുകയാണ് ഇവർ. വാർദ്ധക്യ സഹജമായ അസുഖങ്ങളുള്ള തനിക്ക് അധികൃതർ ഇടപെട്ട് ഇതിനൊരു പരിഹാരം കണ്ടെത്തണമെന്നാണ് കമലമ്മയുടെ ആവശ്യം.