ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെയുള്ള പ്രവർത്തനങ്ങളിൽ അതിശക്തമായി പ്രതികരിക്കാനും ജനറൽ സെക്രട്ടറിയുടെ നിലപാടുകൾക്ക് പൂർണ പിന്തുണ അറിയിക്കാനും ചിറയിൻകീഴ് എസ്.എൻ.ഡി.പി യൂണിയൻ കൗൺസിലിന്റെ അടിയന്തര യോഗം തീരുമാനിച്ചു. നേതൃത്വത്തിനെതിരെ ചിലർ നടത്തുന്ന കള്ള പ്രചാരണങ്ങൾക്കെതിരെ വാട്സ് ആപ് കൂട്ടായ്മകളിലൂടെ മറുപടി നൽകാനും തീരുമാനിച്ചു.

യോഗ നേതൃത്വത്തിന്റെ മുന്നേറ്റത്തിലും വെള്ളാപ്പള്ളിയുടെ നേതൃപാടവത്തിലും വിറളിപൂണ്ട ഒറ്റുകാരാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു പിന്നിലെന്നു കൗൺസിൽ പ്രമേയത്തിൽ പറയുന്നു. യോഗത്തെ തകർക്കുകയാണു ഇവരുടെ ലക്ഷ്യം. ആസന്നമായ എസ്.എൻ ട്രസ്റ്റ്, എസ്.എൻ.ഡി.പി യോഗം തിരഞ്ഞെടുപ്പുകൾ ലക്ഷ്യമിട്ടാണിത്. ജനറൽ സെക്രട്ടറിയോടൊപ്പം നിന്ന് എല്ലാം നേടിയശേഷം സമുദായത്തെയും യോഗ നേതൃത്വത്തെയും തളളിപ്പറയുന്നവരെ യോഗം പ്രവർത്തകർ തിരിച്ചറിയുമെന്നും വ്യാജ പ്രചാരണങ്ങളിലൂടെ യോഗത്തെ തകർക്കാമെന്നത് വ്യാമോഹമായിരിക്കുമെന്നും യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ പറഞ്ഞു.

നേതൃസമ്മേളനം യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യോഗം കൗൺസിലർ ഡി.വിപിൻരാജ് മുഖ്യ പ്രഭാഷണവും യൂണിയൻ മുൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ ഡോ.ബി.സീരപാണി യോഗക്ഷേമപദ്ധതികളുടെ അവലോകനവും നടത്തി. യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി പ്രമേയം അവതരിപ്പിച്ചു. യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി.ചിത്രാംഗദൻ, അജീഷ് കടയ്ക്കാവൂർ, എസ്.സുന്ദരേശൻ, സജി വക്കം, ജി.ജയചന്ദ്രൻ, ഡോ.ജയലാൽ, ഉണ്ണിക്കൃഷ്ണൻ ഗോപിക, അജി കീഴാറ്റിങ്ങൽ എന്നിവർ സംസാരിച്ചു.