തിരുവനന്തപുരം: ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടിയതിനെ തുടർന്ന് കർശന നിയന്ത്രണം ഏർപ്പെടുത്തിയതോടെ നഗരത്തിൽ തിരക്ക് കുറഞ്ഞു. വിവിധ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചതും സാഫല്യം കോംപ്ളക്‌സ്, പാളയം മാർക്കറ്റ് എന്നിവിടങ്ങൾ അടച്ചതും ജനത്തിരക്ക് കുറയാൻ കാരണമായി. പ്രധാന സ്ഥലങ്ങളായ പുളിമൂട്, തമ്പാനൂർ, കിഴക്കേകോട്ട, ചാല, പാളയം എന്നിവിടങ്ങളിൽ തിരക്ക് വളരെക്കുറവായിരുന്നു. സെക്രട്ടേറിയറ്റിലെ സമരങ്ങൾക്കും പൊലീസ് കർശന ഉപാധികൾ നൽകിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസുകളിലും സ്വകാര്യ ബസുകളിലും തിരക്ക് കുറവായിരുന്നു. ആളുകൾ കൂട്ടം കൂടുന്നതും അനാവശ്യയാത്രകൾ തടയാനും പൊതുസ്ഥലങ്ങളിലും സ്ഥാപനങ്ങളിലും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനുമുള്ള നടപടികൾ കർശനമാക്കിയിരുന്നു. ചാല, പാളയം മാർക്കറ്റുകളിലെ പഴം പച്ചക്കറിക്കടകൾ ഇന്നലെ തുറന്ന് പ്രവർത്തിച്ചെങ്കിലും തിരക്ക് വളരെ കുറവായിരുന്നു. പലചരക്ക്, മത്സ്യം, മാംസം എന്നിവ വിൽക്കുന്ന കടകളും അമ്പത് ശതമാനം എന്ന നിലയിലാണ് തുറന്നത്. ഒന്നിടവിട്ട ദിവസങ്ങളിൽ തുറക്കുന്നതിന് കടകൾക്ക് ടോക്കൺ സിസ്റ്റം ഏർപ്പെടുത്തിയിട്ടുണ്ട്. നഗരത്തിലെ പ്രധാനപ്പെട്ട മാളുകളിലെ സൂപ്പർമാർക്കറ്റുകളിലും ഇന്നലെ തിരക്കില്ലായിരുന്നു. വരും ദിവസങ്ങളിൽ നഗരത്തിൽ കർശന നിയന്ത്രണമുണ്ടാകുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.