kerala

തിരുവനന്തപുരം : കൊവിഡ് കേരളത്തിൽ സമൂഹ വ്യാപനത്തിലേക്ക് കടന്നെന്ന് വിദഗ്ദ്ധർ ആവർത്തിക്കുന്നതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ വീണ്ടും കർക്കശമാക്കേണ്ട സ്ഥിതി വന്നു. ഇളവുകളല്ല,​ കൂടുതൽ നിയന്ത്രണങ്ങളാണ് വേണ്ടതെന്നാണ് ഉറവിടമറിയാത്ത രോഗികളുടെ എണ്ണം നൽകുന്ന സൂചന. നിലവിൽ ഇത്തരം നൂറ്റി ഇരുപതോളം കേസുകളുണ്ട്.

അതേസമയം, സമൂഹവ്യാപനമായിട്ടില്ലെന്നാണ് സർക്കാർ പറയുന്നത്. ഉറവിടം അറിയാത്ത കേസുകൾ ഭീതിപ്പെടുത്തുന്ന തരത്തിലില്ലെന്ന വാദത്തിന്റെ ബലത്തിലാണിത്. ഉറവിടമറിയാത്ത രോഗികളുടെ ജില്ലതിരിച്ചുള്ള കൃത്യമായ വിവരം സർക്കാർ പുറത്തുവിട്ടിട്ടില്ല. എന്നാൽ, പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഡോക്ടർമാരിൽ പലരും സമൂഹവ്യാപനം അംഗീകരിക്കുന്നു.

വിദേശത്തു നിന്നും മറ്റുസംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവരിൽ മാത്രമാണ് രോഗം ഉണ്ടാകുന്നതെന്ന തെറ്റായ ധാരണ സമൂഹത്തിനുണ്ട്. സമൂഹവ്യാപനം അംഗീകരിച്ചാൽ ജനങ്ങളെ ബോധവാൻമാരാക്കി കൂട്ടായ പരിശ്രമത്തിലൂടെ മഹാമാരിയെ പ്രതിരോധിക്കാം.

രോഗം എവിടെ നിന്ന് ബാധിച്ചെന്ന് കണ്ടെത്താനാകാത്തതാണ് സമൂഹ വ്യാപനത്തിനാധാരം. ഇവർക്ക് കൊവിഡ് രോഗികളുമായുള്ള സമ്പർക്കത്തിന്റെ അറിയപ്പെടുന്ന പശ്ചാത്തലം കാണില്ല. വൈറസ് ബാധ അജ്ഞാതമായ സ്രോതസിൽ നിന്നാവാം. ഇത്തരം സ്രോതസുകളിൽ നിന്ന് സമൂഹത്തിൽ വ്യാപകമായി രോഗം പരക്കാം. മറ്റ് അസുഖങ്ങളുമായി എത്തുന്നവരിലും മറ്റ് ചിലരിൽ മരണശേഷവും രോഗം കണ്ടെത്തുന്നതും സമൂഹവ്യാപനത്തിന്റെ ഫലമാണ്.

വ്യക്തമായ സൂചന

കൊവിഡ് രോഗികളെ പരിചരിക്കാത്ത ആരോഗ്യപ്രവർത്തകരും രോഗബാധിതരായി. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടർമാർക്ക് രോഗം ബാധിച്ചത് എങ്ങനെയെന്ന് അവ്യക്തമാണ്. കൊവിഡ് ബാധിച്ച് മരിച്ച ആറു പേരുടെ ഉറവിടവും അവ്യക്തമാണ്. പ്രതിരോധശേഷി ഉള്ളവരിൽ വൈറസ് ലക്ഷണങ്ങൾ ഉണ്ടാക്കില്ല. എന്നാൽ അവരിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരും. ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ ഇത് അറിയാനാകില്ല. ഇത് വ്യാപനം വേഗത്തിലാക്കും.

 പോംവഴി

പരിശോധന വ്യാപകമാക്കണം. ജില്ലതിരിച്ച് എല്ലാമേഖലകളിൽ നിന്നും ആളുകളെ പരിശോധിക്കണം. ഒരാൾക്ക് രോഗം ബാധിച്ചാൽ അയാളുമായി ബന്ധപ്പെട്ടവരെ 24 മണിക്കൂറിനുള്ളിൽ കണ്ടെത്തി പരിശോധിക്കണം. പരിശോധന പൂർത്തിയാകുന്നത് വരെ ഇവർ താമസിക്കുന്ന മേഖല കണ്ടയിൻമെന്റ് സോണാക്കണം. സോണുകളുടെ എണ്ണം കൂടിയാൽ ലോക്ക് ഡൗൺ വേണ്ടിവരും.

മുൻകരുതൽ

ഗുരുതരാവസ്ഥയിലുള്ള രോഗികൾക്കായി ചികിത്സാ സൗകര്യങ്ങൾ കരുതണം. രോഗം സ്ഥിരീകരിക്കുന്നതിന് മുൻപേ മരണത്തിന് സാദ്ധ്യതയുണ്ട്. ശ്വാസകോശ പ്രശ്നങ്ങളും മറ്റ് ഗുരുതരരോഗങ്ങളുമായി വരുന്നവർക്ക് കൊവിഡ് പരിശോധന നടത്തണം. ഫലം ലഭിക്കുന്നത് മുൻപേ ഇവരുടെ നില വഷളാകാം. അതിനാൽ തുടക്കം മുതൽ പ്രത്യേക പരിചരണം നൽകണം. ക്രിട്ടിക്കൽ കെയ‌ർ സൗകര്യമുള്ള സ്വകാര്യ ആശുപത്രികളുടെ സേവനവും ഉപയോഗിക്കണം.

'സമൂഹവ്യാപനമാണ് നടക്കുന്നത്. ഇക്കാര്യം സർക്കാരിനെ തെളിവ് സഹിതം ധരിപ്പിച്ചിട്ടുണ്ട്.'

- ഡോ.എബ്രഹാം വർഗീസ്

സംസ്ഥാന പ്രസിഡന്റ് , ഐ.എം.എ

'പരിശോധന വ്യാപിപ്പിക്കാൻ വൈകരുത്. വൈറസ് സമൂഹത്തിൽ പടരാൻ തുടങ്ങിയതിനാൽ ജനങ്ങൾ സ്വയം ബോധവാൻമാരാകണം. അല്ലെങ്കിൽ നിയമ നടപടികളിലൂടെ നേരിടണം.'

- ഡോ. ഡി.പദ്മനാഭ ഷേണായി

റുമറ്റോളജിസ്റ്റ്, കൊച്ചി