oomen-chandi

തിരുവനന്തപുരം: തോട്ടങ്ങളിൽ ഇടവിളയായി പഴം, പച്ചക്കറി കൃഷി ചെയ്യാനുള്ള ഇടതുസർക്കാർ തീരുമാനം മുൻ യു.ഡി.എഫ് സർക്കാർ ഭൂപരിഷ്കരണ നിയമത്തിൽ കൊണ്ടുവന്ന വിപ്ലവകരമായ മാറ്റങ്ങളുടെ രണ്ടാംഘട്ടമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രസ്താവിച്ചു. പുതിയ നിർദ്ദേശം യു.ഡി.എഫ് സർക്കാർ പുലർത്തിയ ജാഗ്രതയോടെ വേണം നടപ്പാക്കാൻ. ജൈവകൃഷിയാണ് പ്രോത്സാഹിപ്പിക്കേണ്ടത്. 1000 ഏക്കർ സ്ഥലമുണ്ടെങ്കിൽ 45 ഏക്കറിൽ പഴം, പച്ചക്കറി, ക്ഷീരോല്പാദനം തുടങ്ങിയവ ആകാം. ഈ സ്ഥലം വിൽക്കാൻ പാടില്ല. യു.ഡി.എഫ് സർക്കാരിന്റെ നിയമപ്രകാരം 5 ശതമാനം സ്ഥലത്തിന്റെ 90 ശതമാനം ഭാഗത്താണ് തോട്ടയിതര കൃഷികർക്ക് അനുവാദം. തൊഴിലാളികളുടെ താത്പര്യം സംരക്ഷിച്ചും അവരെ ദോഷകരമായി ബാധിക്കാതെയും വേണം പദ്ധതി നടപ്പാക്കാനെന്നും ഉമ്മൻചാണ്ടി പറഞ്ഞു. തോട്ടങ്ങളിലെ ചെറിയഭാഗം ഭൂമി മറ്റാവശ്യങ്ങൾക്ക് വിനിയോഗിക്കാമെന്ന് യു.ഡി.എഫ് സർക്കാർ ഭേദഗതി കൊണ്ടുവന്നപ്പോൾ ഇടതുപക്ഷം എതിർത്തിരുന്നു. പ്രതിപക്ഷത്തിരുന്ന് എല്ലാത്തിനെയും എതിർക്കുകയും അധികാരത്തിൽ വരുമ്പോൾ അവ നടപ്പാക്കുകയും ചെയ്യുന്ന സമീപനമാണ് ഇക്കാര്യത്തിലും ഇടതുപക്ഷത്തിന്റേത്.