തിരുവനന്തപുരം: ജില്ലയിൽ പ്ലസ് വൺ പ്രവേശനത്തിന് കാത്തുനിൽക്കുന്നത് ആകെയുള്ള സീറ്റുകളേക്കാൾ അധികം വിദ്യാർത്ഥികൾ. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാർത്ഥികൾ, മറ്റ് സംസ്ഥാനങ്ങളിൽ പഠിച്ചിരുന്ന വിദ്യാർത്ഥികൾ എന്നിവരും എത്തുന്നതോടെ സീറ്റുകൾ മതിയാകാതെ വരുമെന്നാണ് വിലയിരുത്തൽ. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മറ്റ് സംസ്ഥാന സിലബസുകളിൽ പഠിച്ചിരുന്നവർ കൂടുതലായി പൊതു വിദ്യാലയങ്ങളിലെത്തുമെന്നാണ് പ്രതീക്ഷ. കൊവിഡ് വ്യാപനത്തെ തുടർന്ന് പ്രവാസികളും മറ്റ് സംസ്ഥാനത്ത് ജോലി ചെയ്‌തിരുന്നവരും കുടുംബത്തോടെ കേരളത്തിലേക്ക് മടങ്ങിയെത്താനുള്ള സാദ്ധ്യത കണക്കിലെടുത്താണിത്. മുൻ വർഷങ്ങളിലേതുപോലെ 20 ശതമാനം വരെ ആനുപാതിക സീറ്റ് വർദ്ധനയിലൂടെ മാത്രമേ പ്രതിസന്ധി മറികടക്കാൻ കഴിയൂവെന്നാണ് അദ്ധ്യാപകർ പറയുന്നത്. സീറ്റുകൾ വർദ്ധിപ്പിച്ചില്ലെങ്കിൽ വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്‌നിക് എന്നിവിടങ്ങളിലും ഓപ്പൺ സ്‌കൂളുകളിലും അഡ്മിഷനെടുക്കാൻ വിദ്യാർത്ഥികൾ നിർബന്ധിതരാകും.
ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത് - 34689 പേർ
ഉപരിപഠനത്തിന് അർഹത നേടിയത് - 34322 പേർ
പ്ലസ് വൺ സീറ്റുകൾ
--------------------------------
ജില്ലയിൽ സർക്കാർ സ്‌കൂളുകൾ - 13,100
എയ്ഡഡ് വിഭാഗം - 11,950
അൺ എയ്ഡഡ് വിഭാഗം - 6,553
ആകെ - 31,603
കുറവ് - 2719