തിരുവനന്തപുരം: വർഗീയ പാർട്ടികളുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധപ്പെട്ട് ദീർഘകാലമായി പ്രവർത്തിക്കുന്ന പ്രസ്ഥാനം സി.പി.എമ്മാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രസ്താവിച്ചു. അഴിയൂർ പഞ്ചായത്തിൽ ഇടതുപക്ഷം ഭരിക്കുന്നത് തീവ്രവാദ സംഘടനയെന്ന് സി.പി.എം മുദ്രകുത്തിയ പാർട്ടിയുമായി ചേർന്നാണ്. ഡസൻ കണക്കിന് തദ്ദേശസ്ഥാപനങ്ങളാണ് വർഗീയ കക്ഷികളുമായി ചേർന്ന് സി.പി.എം ഭരിക്കുന്നത്. മുൻപ് പി.ഡി.പി നേതാവുമായും ജനപക്ഷം നേതാവ് രാമൻപിള്ളയുമായും സി.പി.എം നേതാക്കൾ വേദി പങ്കിട്ടത് കേരളം മറന്നിട്ടില്ല. സമുദായ പാർട്ടിയെന്ന് ഇടതു നേതാക്കൾ പരസ്യമായി അധിക്ഷേപിച്ച ഐ.എൻ.എൽ ഇപ്പോൾ എൽ.ഡി.എഫിന്റെ ഘടകകക്ഷിയാണ്. വഴങ്ങാത്തവരെ വർഗീയവാദികളാക്കുകയും ചേർന്ന് നിന്നാൽ മതേതരവാദികളുമാക്കുന്ന അത്ഭുത സിദ്ധി സി.പി.എമ്മിന്റെ കൈയിലുണ്ട്.
രാജീവ് ഗാന്ധിയെ അധിക്ഷേപിക്കാനും യു.പി.എ സർക്കാരിനെ താഴെയിറക്കാനും സംഘപരിവാരങ്ങളുമായി കൈകോർത്ത ചരിത്രമാണ് സി.പി.എമ്മിന്. മതേതര ജനാധിപത്യ കൊടിക്കൂറ എന്നും ഉയർപ്പിടിച്ചിട്ടുള്ളത് കോൺഗ്രസ് മാത്രമാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.