c

കാട്ടാക്കട: തർക്കഭൂമി അളന്നുതിട്ടപ്പെടുത്തുന്നതിനിടെ വാട്ടർ അതോറിട്ടിയുടെ നേതൃത്വത്തിലുള്ള സംഘം തന്റെ വസ്‌തുവിലും കുറ്റിയടിച്ചെന്ന് ആരോപിച്ച് യുവാവ്‌ പെട്രോൾ ഒഴിച്ചു തീ കൊളുത്തി. നെയ്യാർ ഡാം കുന്നിൽ മഹാദേവ ക്ഷേത്രവും സമീപ പ്രദേശങ്ങളും അളന്നുതിട്ടപ്പെടുത്തുന്നതിനിടെയാണ് സംഭവം. ഭൂമി അളന്നു കുറ്റിയടിച്ചതിൽ പ്രതിഷേധിച്ച് മരക്കുന്നം സ്വദേശി രാജേഷാണ് (35) ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ഇയാളെ ഉടൻ പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. ഭൂമി അളന്നു തിട്ടപ്പെടുത്താനെത്തിയ വാട്ടർ അതോറിട്ടി അധികൃതരോട് അച്ഛന്റെ കല്ലറ സ്ഥിതി ചെയ്യുന്ന സ്ഥലം ഒഴിവാക്കണമെന്ന ആവശ്യവുമായി ഇയാളെത്തി. എന്നാൽ ഇത് അവഗണിച്ച് പൊലീസ് സുരക്ഷയിൽ ഭൂമി അളക്കാൻ തുടങ്ങിയപ്പോൾ രാജേഷ് ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതിനിടെ നാട്ടുകാർ വാട്ടർ അതോറിട്ടി എ.ഇ ഉൾപ്പെടെയുള്ളവരെ തടഞ്ഞുവയ്‌ക്കാനും ശ്രമിച്ചു. നെയ്യാർ ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയയിൽ

കുന്നിൽ മഹാദേവ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് വാട്ടർ അതോറിട്ടി അവകാശപ്പെടുന്നത്. നേരത്തെ ഇറിഗേഷൻ വിഭാഗം വാട്ടർഅതോറിട്ടിക്ക് കൈമാറിയ ഈ ഭൂമി ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കാൻ ഒരു കമ്പനിക്ക് നൽകിയിട്ടുണ്ട്. ക്ഷേത്രം ഉൾപ്പെടുന്ന ഭൂമിയുടെ അവകാശം വാട്ടർ അതോറിട്ടിക്കാണെന്ന വാദത്തിനെതിരെ മാസങ്ങൾക്ക് മുമ്പ് നാട്ടുകാർ എതിർപ്പുമായെത്തി പൂജ നടത്തിയിരുന്നു. തുടർന്ന് ഇവിടെ പൊലീസും പ്രതിഷേധക്കാരും തമ്മിൽ സംഘർഷം ഉണ്ടാകുകയും ചെയ്‌തു. ക്യാച്ച്മെന്റ് ഏരിയയിൽ കഴിയുന്ന 1500ഓളം പേരിൽ ഭൂരിഭാഗം പേർക്കും പട്ടയം ലഭിക്കാനുണ്ട്. ഇതിനിടെ പ്രദേശത്ത് താമസിക്കുന്നവർക്ക് തുക നൽകാമെന്ന കമ്പനി വാഗ്ദാനം ചിലർ സ്വീകരിക്കുകയും ചെയ്‌തു. തുടർന്നുള്ള ഉടമസ്ഥാവകാശവും തർക്കങ്ങളും ഇപ്പോൾ കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് പുതിയ സംഭവം. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് സംഭവസ്ഥലത്ത് നെയ്യാർ ഡാം പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.